വമ്പൻമാർക്ക് കാലിടറുന്ന ഐപിഎല്ലോ ഇത്? കൊൽക്കത്തക്ക് തുടർച്ചയായ അഞ്ചാം തോൽവി

 

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ ഏറ്റവും നേട്ടമുണ്ടാക്കിയ വമ്പൻ ടീമുകൾക്ക് കാലിടറുന്ന കാഴ്ച്ചയാണ് 2021 സീസണിന്റെ പ്രത്യേകത എന്നു തോന്നുന്നു. മുംബൈക്കും ചെന്നൈ സൂപ്പർ കിം​ഗ്സിനും ശേഷം ഇപ്പോഴിതാ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും തോൽവി തുടർക്കഥയാകുന്നു. വ്യാഴാഴ്ച്ച നടന്ന മത്സരത്തിൽ ഡൽഹി കാപ്പിറ്റൽസിനോട് തോറ്റതോടെ നൈറ്റ് റൈഡേഴ്സ് സീസണിൽ തുടർച്ചയായ അഞ്ച് കളികളിൽ തോറ്റു. നാല് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം.

ഈ മൂന്ന് വമ്പൻ ടീമുകൾ തന്നെയാണ് ഇപ്പോൾ പോയിന്റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനങ്ങളിൽ. ഇവർ മൂന്ന് പേർക്കും കൂടിയാണ് കഴിഞ്ഞ പതിനാല് ഐപിഎല്ലിലെ പതിനൊന്ന് കീരീടങ്ങളും സ്വന്തമാക്കിയത്. മുംബൈക്ക് അ‍ഞ്ച്, ചെന്നൈക്ക് നാല്, കൊൽക്കത്തക്ക് രണ്ട് എന്നിങ്ങിനെയാണ് കിരീടങ്ങൾ. എന്നാൽ ഇത്തവണ മൂന്ന് ടീമുകളും ചേർന്ന് 20 കളികളിൽ തോറ്റു.

നിതീഷ് റാണ, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിം​ഗ് മികവിൽ കൊൽക്കത്ത ഉയർത്തിയ 147 എന്ന വിജയലക്ഷ്യം 19 ഓവറിൽ ഡൽ​ഹി മറികടന്നു. ബാറ്റിം​ഗ് തകർച്ച നേരിട്ട കൊൽക്കത്ത ഒരു ഘട്ടത്തിൽ 6ന് 83 എന്ന നിലയിലായിരുന്നു. സ്പിന്നർ കുൽദീപ് യാദവാണ് കൊൽക്കത്തയെ വട്ടം കറക്കിയത്. മൂന്ന് ഓവറിൽ 14 റൺസ് വഴങ്ങി കുൽദീപ് നാല് വിക്കറ്റ് വീഴ്ത്തി. റാണ 34 പന്തിൽ 57ഉം അയ്യർ 37 പന്തിൽ 42ഉം റിങ്കു സിം​ഗ് 16 പന്തിൽ 23ഉം നേടി. 

മറുപടി ബാറ്റിം​ഗിന് ഇറങ്ങിയ ഡൽഹിക്ക് ആദ്യ പന്തിൽ ഓപ്പണർ പൃഥ്വി ഷോയെ നഷ്ടമായി. എന്നാൽ ഡേവിഡ് വാർണർ ഒരറ്റത്ത് പിടിച്ചു നിന്നു. 26 പന്തിൽ 42 റൺസ് നേടിയ വാർണ്ണറുടേയും 16 പന്തിൽ 33 അടിച്ചു പുറത്താകാതെ നിന്ന റോവ്മാൻ പവലിന്റേയും മികവിൽ ഡൽഹി നാല് വിക്കറ്റിന് വിജയിച്ചു. 

ജയത്തോടെ ഡൽഹിക്ക് 8 പോയിന്റായി. ഇന്ന് പഞ്ചാബ് കിം​ഗ്സ്, ലക്നൗ സൂപ്പർ ജെയ്ന്റ്സിനെ നേരിടും.