സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൻ കിരീടം പി.വി. സിന്ധുവിന്
ഏഷ്യൻ ചാംപ്യൻഷിപ് സ്വർണമെഡൽ ജേതാവായ ചൈനീസ് താരം വാങ് ജിയെ തോൽപിച്ച് ഇന്ത്യയുടെ പി.വി. സിന്ധുവിനു സിംഗപ്പുർ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൻ വനിതാ സിംഗിൾസ് കിരീടം. ഈ വർഷം സിന്ധുവിന്റെ മൂന്നാമത്തെ കിരീടമാണിത്. ഇരുപത്തിരണ്ടുകാരി ചൈനീസ് താരത്തിനെതിരെ ആദ്യവസാനം പൊരുതിയാണു സിന്ധു ജേതാവായത്. സ്കോർ: 21-9, 11-21, 21-15.
ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ 28ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനു മുൻപുള്ള അവസാന ചാംപ്യൻഷിപ്പായിരുന്നു ഇത്. ഇവിടെ ജേതാവാകാൻ സാധിച്ചതു സിന്ധുവിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ആദ്യ ഗെയിം നേടിയ ശേഷം തുടർപിഴവുകളിൽ 2–ാം ഗെയിം നഷ്ടപ്പെടുത്തിയ ഇരുപത്തിയേഴുകാരി സിന്ധു, പരിചയസമ്പത്തിന്റെ കൂടി കരുത്തിലാണ് മൂന്നാം ഗെയിമിൽ കളി തിരിച്ചു പിടിച്ചതും ജേതാവായതും. ഒരു സൂപ്പർ 500 ചാംപ്യൻഷിപ്പിൽ സിന്ധു ജേതാവാകുന്നതും ആദ്യമായാണ്. ബാഡ്മിന്റൻ വേൾഡ് ടൂർസിന്റെ ഭാഗമായ 2 സൂപ്പർ 300 ചാംപ്യൻഷിപ്പുകളിൽ സിന്ധു ഈ വർഷം ജേതാവായിരുന്നു;