ഐപിഎൽ പരിശീലനത്തിനിടയിലെ സ്വകാര്യ സംഭാഷണം പുറത്തുവന്ന സംഭവം; രോഹിത് ശർമയുടെ പരാതിയിൽ വിശദീകരണവുമായി സ്റ്റാർ സ്പോർട്സ്
ഐപിഎൽ പരിശീലനത്തിനിടെ താരങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ സംപ്രേഷണം ചെയ്യുന്നു എന്ന ആരോപണത്തിൽ വിശദീകരണവുമായി ഐപിഎൽ സംപ്രേഷകരായ സ്റ്റാർ സ്പോർട്സ്. പരിശീലന സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തങ്ങൾക്ക് അനുവാദമുണ്ടെന്നും എന്നാൽ ഈ ദൃശ്യങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും സ്റ്റാർ അധികൃതർ വ്യക്തമാക്കി.
പരിശീലന സമയത്തെ ദൃശ്യങ്ങളും സംഭാഷണങ്ങളും സംപ്രേഷണം ചെയ്യുന്നത് താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാർ വിശദീകരണവുമായി രംഗത്തെത്തിയത്.
ഐപിഎലിലെ കൊൽക്കത്ത– മുംബൈ മത്സരത്തിനു തലേന്ന് മുംബൈ താരം രോഹിത് ശർമയും കൊൽക്കത്തയുടെ സഹപരിശീലകൻ അഭിഷേക് നായരും തമ്മിലുള്ള സംഭാഷണം സ്റ്റാർ ചിത്രീകരിച്ചിരുന്നു. ഇതിൽ മുംബൈ ഇന്ത്യൻസിൽ തന്റെ ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ രോഹിത് സംസാരിക്കുന്ന ഭാഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ അടുത്ത മത്സരത്തിന്റെ പരിശീലനത്തിനിടെ തന്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് രോഹിത് ആവശ്യപ്പെടുന്ന ഭാഗം സ്റ്റാർ സംപ്രേഷണം ചെയ്തു. ഇതോടെയാണ് ബ്രോഡ്കാസ്റ്ററിനെതിരെ രോഹിത് രംഗത്തെത്തിയത്.