മെസിക്ക് അനന്ത് അംബാനി സമ്മാനിച്ച വാച്ചിന്‍റെ വില കേട്ട് ഞെട്ടി ആരാധകർ

റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്
 

അര്‍ജന്‍റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ ഹരത്തിലായിരുന്നു ദിവസങ്ങളായി മെസിയുടെ ആരാധകർ. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനാണ് മെസി ഇന്ത്യയിലെത്തിയത്. തനിക്ക് ലഭിച്ച വൻ വരവേൽപ്പിൽ ഇന്ത്യന്‍ ആരാധകര്‍ക്ക് മെസി നന്ദിയും അറിയിച്ചു.

എന്നാല്‍ സന്ദര്‍ശനവേളയില്‍ മെസിക്ക് മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി നല്‍കിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യമീഡിയയിലെ ചര്‍ച്ച. റിച്ചാര്‍ഡ് മില്ലെയുടെ ആർ.എം 003-വി2 (Richard Mille RM 003V2) എന്ന ലിമിറ്റഡ് എഡിഷന്‍ മോഡലാണ് അനന്ത് അംബാനി മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ വില കേട്ടാണ് പക്ഷെ യഥാർഥത്തിൽ നെറ്റിസൺസ് ഞെട്ടിയത്.

ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. 10.91 കോടി രൂപയാണ് ഈ അത്യാഡംബര വാച്ചിന്‍റെ വില. മെസി ഇന്ത്യയിലേക്ക് വന്നപ്പോൾ വാച്ചൊന്നും ഉണ്ടായിരുന്നില്ലെന്നും വൻതാരയിലെത്തിയപ്പോഴാണ് വാച്ച് കണ്ടതെന്നും അതിനാലിത് അംബാനി സമ്മാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വന്‍താര'യിലെ മെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഈ വാച്ചുണ്ട്. ഇതിന് ഒരു കറുത്ത കാര്‍ബണ്‍ കേസും ഒരു ഓപ്പണ്‍-സ്‌റ്റൈല്‍ ഡയലും ഉണ്ട്.

മെസിക്കൊപ്പമുള്ള ചിത്രത്തില്‍ അനന്ത് അംബാനി ധരിച്ചത് റിച്ചാര്‍ഡ് മില്ലെ ആർ.എം 056 സഫയര്‍ ടൂര്‍ബില്ലണ്‍ ആണ്. ഇതും അപൂര്‍വം ചിലരുടെ കൈവശമുള്ള വാച്ചാണിത്. ഏകദേശം 5 മില്യണ്‍ യു.എസ് ഡോളര്‍ അതായത് ഏകദേശം 45.59 കോടി രൂപ യാണ് ഇതിന്‍റെ വില.