ആന്റോ അഗസ്റ്റിന് ജാമ്യം
അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണ ജാമ്യം നൽകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്റോയ്ക്ക് എതിരെ മുൻ കേസുകളില്ല തുടങ്ങിയ കാര്യങ്ങളാണ് ജാമ്യം അനുവദിക്കുന്നതിന് കോടതി പരിഗണിച്ചത് എന്നാണ് കരുതുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട വിധിന്യായം പുറത്തു വന്നാൽ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ.