ആഷസ്: ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 9 വിക്കറ്റ് ജയം.
Dec 11, 2021, 08:54 IST
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 9 വിക്കറ്റ് ജയം. വിജയ ലക്ഷ്യമായ 20 റൺസ് അവർ 5.1 ഓവറിൽ നേടി. നേരത്തെ നാലാം ദിവസം അവിശ്വസനീയമായ തകർച്ച നേരിട്ട ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 297 റൺസിന് അവസാനിച്ചിരുന്നു. 220ന് 2 എന്ന ശക്തമായ നിലയിൽ മൂന്നാം ദിനം കളി അവസാനിപ്പിച്ച ഇംഗ്ലണ്ട് 77 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ഓൾ ഔട്ട് ആവുകയായിരുന്നു.
80 റൺസുമായി മാലനും 86 റൺസുമായി ജോ റൂട്ടും ആയിരുന്നു ക്രീസിൽ. എന്നാൽ മാലനെ(82)വീഴ്ത്തി നാഥൻ ലിയോൺ ഇംഗ്ലണ്ടിന്റെ തകർച്ചക്ക് തുടക്കമിട്ടു. പിന്നാലെ ഗ്രീൻ റൂട്ടിനെയും(89) പുറത്താക്കി. പിന്നീട് 23 റൺസ് എടുത്ത ബട്ട്ലർ മാത്രമാണ് പിടിച്ചു നിന്നത്. 103 ഓവറിൽ ഇംഗ്ലണ്ട് 297ന് പുറത്തായി. ലിയോൺ 4 വിക്കറ്റും ഗ്രീൻ, നായകൻ കമ്മിൻസ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
20 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് ഓപ്പണറായി വന്ന അലക്സ് കാരിയുടെ വിക്കറ്റ് നഷ്ടമായി എങ്കിലും 5.1 ഓവറിൽ അവർ ലക്ഷ്യം കണ്ടു.
നേരത്തെ ആദ്യ ഇന്നിഗ്‌സിൽ 152 റൺസ് എടുത്ത ട്രാവിസ് ഹെഡ്, 94 റൺസ് എടുത്ത ഡേവിഡ് വാർണർ, 74 റൺസ് നേടിയ ലെമ്പുഷയിൻ എന്നിവരുടെ മികവിൽ ആണ് ഓസ്‌ട്രേലിയ 425 എന്ന മികച്ച സ്കോർ നേടിയത്.
രണ്ടാം ടെസ്റ്റ് 16ന് അഡിലൈഡിൽ തുടങ്ങും.