ഏഷ്യൻ ഗെയിംസിന് ജപ്പാനിൽ തുടക്കം
ഐച്ചി-നഗോയ ഇരട്ട നഗരത്തിലാണ് ഇനിയുള്ള 14 ദിനം ഏഷ്യയുടെ ശ്രദ്ധ. ഏഷ്യൻ ഗെയിംസിന് ആതിഥേയരാകുന്ന ജപ്പാനിൽ, 46 രാജ്യങ്ങളിലെ 10,840 കായിക താരങ്ങൾ മാറ്റുരക്കുന്ന ഏഷ്യൻ ഗെയിംസിന് ശനിയാഴ്ച തുടക്കം. ക്രിക്കറ്റും ബാസ്കറ്റ് ബാളും ഫുട്ബാളുമെല്ലാമായി കളി നേരത്തെ മുറുകിയെങ്കിലും, ഏഷ്യൻ ഗെയിംസ് ഇന്നാണ് ട്രാക്കിലാവുന്നത്. സാംപിൾ പൂരങ്ങൾക്കൊടുവിൽ കളിയുടെ മഹാമേളക്ക് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെ വർണാഭമായ തുടക്കമാകും.
നഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച 2.30 മുതലാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണി. മെഡൽ പോരാട്ടങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. ഞായറാഴ്ച നീന്തലിലെ ഏഴ് സ്വർണം ഉൾപ്പെടെ 31 മെഡൽ ഇനങ്ങൾ പൂർത്തിയാകും.
499 കായിക താരങ്ങളും, 246 സപ്പോർട്ടിങ് സ്റ്റാഫുകളും, 19 ഒഫീഷ്യൽസുമായി ജമ്പോ സംഘവുമായി ജപ്പാനിലെത്തിയ ഇന്ത്യൻ സഘത്തെ ശനിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക്സ് ഷൂട്ടിങ് മെഡൽ ജേതാവ് മനു ഭാകിറും, ഷോട്ട് പുട്ടിൽ രണ്ടുവട്ടം ഏഷ്യൻ ചാമ്പ്യനുമായ തേജീന്ദർ പാൽ സിങ്ങും നയിക്കും. രണ്ട് തലമുറകളിലെ ചാമ്പ്യൻ താരങ്ങൾക്കുകീഴിലാവും വൻകരയുടെ മേളയിൽ ഇന്ത്യ വലിയ പ്രതീക്ഷയുമായി ഇറങ്ങുന്നതെന്ന് ചെഫ് ഡെ മിഷൻ സഹ്ദേവ് യാദവ് പറഞ്ഞു. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി രണ്ട് മെഡലുകൾ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാകിർ. പ്രശസ്ത ജാപ്പനീസ് ചലച്ചിത്രകാരൻ യുകിഹികോ സുത്സുമി ഒരുക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങുകൾക്കു പിന്നാലെ, 45 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും അരങ്ങേറും.