പാകിസ്ഥാൻ പുറത്ത്; സെമിയിൽ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതരെ 6 വിക്കറ്റ് ജയത്തോടെ ഓസ്ട്രേലിയ സെമിയിൽ കടന്നു.
 

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെതരെ 6 വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ സെമിയിൽ കടന്നു.

സെമിയിൽ ഇന്ത്യയാണ് ഓസ്‌ട്രേലിയയുടെ എതിരാളികൾ. 214 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 37 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. സ്മിത്തും വാട്‌സണും നേടിയ അർദ്ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക് വിജയം അനായാസമാക്കിയത്. ഏഴാം തവണയാണ് ഓസ്‌ട്രേലിയ സെമിയിൽ കടക്കുന്നത്. നാലു വിക്കറ്റ് വീഴ്ത്തി പാകിസ്ഥാനെ തകർത്ത ജോഷ് ഹേസൽവുഡാണ് കളിയിലെ കേമൻ. സ്‌കോർ: പാക്കിസ്ഥാൻ 49.5 ഓവറിൽ 213ന് ഓൾ ഔട്ട്, ഓസ്‌ട്രേലിയ 33.5 ഓവറിൽ നാലു വിക്കറ്റിന് 216 റൺസ്.

പാകിസ്ഥാനെതിരെ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കം പതറി. 15 റൺസിൽ എത്തിനിൽക്കെ ഓപ്പണർ ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയയ്ക്ക ആദ്യം നഷ്ടമായത്. തുടർന്ന് വാർണറിനേയും(24) മൈക്കൽ ക്ലാർക്കിനേയും(8) തുടരെ നഷ്ടമായി. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന സ്മിത്തും വാട്‌സനും ചേർന്ന് ഫോമിലേക്ക് ഉയർന്ന പാക് ബൗളർമാരെ അടിച്ചിരുത്തി. 60 പന്തിൽ 57 റൺസെടുത്ത സ്മിത്ത് ആറ് ബൗണ്ടറിയും പായിച്ചു. 51 പന്തിൽ നാല് ബൗണ്ടറി ഉൾപ്പടെ 41 റൺസാണ് വാട്‌സന്റെ സമ്പാദ്യം. പാകിസ്ഥാനുവേണ്ടി വഹാബ് റിയാസ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സൊഹൈൽ ഖാൻ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത പാകിസ്ഥാൻ 49.5 ഓവറിൽ 213 റൺസെടുക്കുകയായിരുന്നു. 41 റൺസെടുത്ത ഹാരിസ് സൊഹൈലും, 34 റൺസെടുത്ത മിസ്ബ ഉൾ ഹഖുമാണ് പാക് നിരയിൽ ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്.