ചാമ്പ്യൻസ് ലീഗ്:  സിറ്റിക്കും ലിവർപൂളിനും റയൽ മാഡ്രിഡിനും വിജയം

പിഎസ്ജിക്ക് സമനില , ഇന്റർമിലാൻ, അയാക്സ്, സ്പോട്ടിം​ഗ് സിപി വിജയിച്ചു.

 

ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിലെ നാലാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, റയൽമാഡ്രിഡ് , ഇന്റർമിലാൻ, അയാക്സ്, സ്പോട്ടിം​ഗ് സിപി എന്നിവർക്ക് വിജയം. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ജർമ്മൻ ടീമായ റെഡ്ബുൾ ലൈപ്സി​ഗുമായി സമനിലയിൽ പിരിഞ്ഞു. എസി മിലാൻ- എഫ്സി പോർട്ടോ മത്സരവും സമനിലയിലായി.

ഉക്രൈൻ ക്ലബ്ബായ ഷാക്തറിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വീഴ്ത്തിയത്. കരീം ബെൻസേമ നേടിയ ഇരട്ട ​ഗോളുകളാണ് റയലിനെ വിജയത്തിലെത്തിച്ചത്. രണ്ടു ​ഗോളും വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ. ഫെർണാണ്ടോയാണ് ഷാക്തറിന്റെ ​ഗോൾ നേടിയത്. റയൽ ആദ്യ ​ഗോൾ നേടിയതോ‌ടെ ചാമ്പ്യൻസ് ലീ​​ഗിൽ 1000 ​ഗോൾ തികച്ചു.

ഇതോ ​ഗ്രൂപ്പിലെ മറ്റൊരു കളിയിൽ ഇന്റർമിലാൻ, ഷരീഫ് ടിറാസ്പോളിനെ ഒന്നിനെതിരെ മൂന്ന് ​ഗോളിന് തോൽപ്പിച്ചു. ​ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മാർസല്ലോ ബ്രോസോവിച്ച് , മിലൻ സ്ക്രീനിയർ, അലക്സി സാഞ്ചസ് എന്നിവരാണ് ഇന്ററിനായി ​ഗോളടിച്ചത്. ഷരീഫ് ടിറാസ്പോളിന്റെ ​ഗോൾ നേടിയത് ആദം ട്രയോർ ആണ്. ​ഗ്രൂപ്പിലെ നാല് കളികൾ കഴിഞ്ഞപ്പോൾ 9 പോയിന്റോ‌ടെ റയൽ ഒന്നാമതും 7 പോയിന്റോടെ ഇന്റർ രണ്ടാമതും ആണ്.  ഷരീഫ് ടിറാസ്പോളിന് 6 പോയിന്റ് ഉണ്ട്. 

ഗ്രൂപ്പ് എയിലെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബെൽജിയൻ ടീമായ ക്ലബ്ബ് ബൂർ​ഗിനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തി. പന്ത്രണ്ട് മത്സരങ്ങൾക്ക് ശേഷം റ​​ഹീം സ്റ്റെർലി​ഗ് ​ഗോളടിച്ച മത്സരത്തിൽ ജോ കാൻസലോയുടെ പാസിൽ നിന്നും റിയാദ് മെഹറസും ഫിൽ ഫോഡനും ​ഗോളുകൾ കണ്ടെത്തി. ബ്രസീലിയൻ താരം ​ഗബ്രിയേൽ ജിസൂസും കാൻസലോയുടെ അസിസ്റ്റിൽ ​ഗോളടിച്ചു. ക്ലബ്ബ് ബൂർ​ഗിന്റെ ​ഗോൾ സിറ്റി താരം സ്റ്റോൺസിന്റെ സെൽ ​ഗോൾ ആയിരുന്നു. 

​ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പിഎസ്ജി, ആർബി ലൈപ്സി​ഗുമായി  സമനിലയിൽ പിരഞ്ഞു. രണ്ട് ടീമും രണ്ട് ​ഗോളുകൾ വീതം നേടി. ഒമ്പതാം മിനിറ്റിൽ ക്രിസ്റ്റഫർ ഉൻകുൻകുവിലൂടെ ലൈപ്സി​ഗ് ​ലീഡ് നേടി. പന്ത്രണ്ടാം മിനിറ്റിൽ ആന്ദ്രേ സിൽവ പെനാൽറ്റി പാഴാക്കി. 21, 39 മിനിറ്റുകളിൽ ജോർജിഞ്ഞോ വൈനാൾഡത്തിന്റെ ഇരട്ട ​ഗോൾ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് ഇൻകുൻകുവിനെ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി ഡൊമനിക്ക് സൊബോസലായ് ​ഗോളാക്കി മാറ്റി.  നാല് കളികൾ കഴിഞ്ഞതോടെ ​ഗ്രൂപ്പിൽ 9 പോയിന്റുമായി സിറ്റി ഒന്നാമതും 8 പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്തുമാണ്. ലൈപ്സി​ഗിന് നാല് പോയിന്റാണ് ഉള്ളത്. 

​ഗ്രൂപ്പ് ബിയിൽ ലിവർപൂൾ അത്‍ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. എതിരില്ലാത്ത രണ്ടു ​ഗോളിനായിരുന്നു ലിവർപൂൾ വിജയിച്ചത്. ട്രെന്റ് അലക്സാണ്ടർ അർണോൾഡിന്റെ അസിസ്റ്റിൽ  ഡീ​ഗോ ജോട്ട, സാദിയോ മാനേ എന്നിവരാണ് ​ഗോളടിച്ചത്. മുപ്പത്തിയാറാം മിനിറ്റിൽ ഫിലിപ്പെ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് മാഡ്രിഡ് ടീമിന് തിരിച്ചടിയായി. ​ഗ്രൂപ്പിലെ മറ്റൊരു കളിലിയിൽ എസി മിലാൻ , എഫ് സി പോർട്ടോയെ സമനിലയിൽ പിടിച്ചു. രണ്ടു ടീമും ഓരോ ​ഗോൾ നേടി. ​ഗ്രൂപ്പിൽ നാലിൽ നാലും ജയിച്ച് ലിവർപൂൾ 12 പോയിന്റുമായി പ്രീക്വാർട്ടർ ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് 5 പോയിന്റുമായി പോർട്ടോയാണ്. അത്‍ലറ്റിക്കോ മാഡ്രിഡിന് 4 പോയിന്റ് ഉണ്ട്. 

​ഗ്രൂപ്പ് സിയിൽ അയാക്സ് , ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കും സ്പോട്ടിം​ഗ് സിപി, ബെസിക്തസിനെ എതിരില്ലാത്ത നാല് ​ഗോളിനും തോൽപ്പിച്ചു. നാലിൽ നാലും ജയിച്ച അയാക്സിന് 12 പോയിന്റ് ഉണ്ട്. സ്പോട്ടിം​ഗ്, ഡോർട്ട്മുണ്ട് എന്നിവർക്ക് 6 പോയിന്റ് വീതവും ഉണ്ട്.