സിറ്റിക്ക് തോൽവി, ലിവർപൂളിന് സമനില, ചെൽസിക്ക് വിജയം

റൊണാൾഡോ ഗോളടിച്ച കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം
 
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. എത്തിഹാദിൽ നടന്ന കളിയിൽ ക്രിസ്റ്റൽ പാലസ് ആണ് സിറ്റിയെ എതിരില്ലാത്ത 2 ഗോളിന് തോൽപ്പിച്ചത്. മറ്റൊരു കളിയിൽ ലിവർപൂളിനെ ബ്രൈറ്റൺ സമനിലയിൽ കുരുക്കി. 2 ഗോൾ ലീഡ് നേടിയ ശേഷമാണ് ലിവർപൂൾ സമനില വഴങ്ങിയത്. യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസി എതിരല്ലാത്ത 3 ഗോളിന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. ആഴ്‌സ്ണൽ എതിരില്ലാത്ത 2 ഗോളിന് ലെസ്റ്റർസിറ്റിയെ തകർത്തു. ടോട്ടനത്തെയാണ് മാൻ യു തോൽപ്പിച്ചത്.

കളിയുടെ 6ആം മിനിറ്റിലും 88ആം മിനിറ്റിലും വീണ 2 ഗോളുകൾ ആണ് സിറ്റിക്ക് വിനയായത്. വിൽഫ്രഡ് സാഹ, കോണോർ ഗാൾഗർ എന്നിവർ ഗോളുകൾ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ഐമറിക്ക് ലെപോർട്ട് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയതോടെ രണ്ടാം പകുതിയിൽ സിറ്റി 10 പേരെ വച്ചാണ് കളിച്ചത്. 

നാലാം മിനിറ്റിൽ ഹെൻഡേഴ്സൻ നേടിയ ഗോളിൽ ലീഡ് പിടിച്ച ലിവർപൂൾ 24ആം മിനിറ്റിൽ അത് സാദിയോ മാനെയിലൂടെ അത് ഇരട്ടിയാക്കി. എന്നാൽ ഒന്നാം പകുതി കഴിയുന്നതിന് മുന്നേ തന്നെ എനോക് മേപ്പു ഗോൾ മടക്കി. രണ്ടാം പകുതിയിൽ ആദം ലല്ലാനായുടെ പാസ്സിൽ ലിയാൻഡ്രോ ട്രോസാർഡ് ഗോൾ മടക്കി. 

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം തുടർച്ചയായ 4 ഗോളുകൾ നേടിയാണ് ചെൽസി , ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചത്. റീസ് ജെയിംസ് 2 ഗോൾ നേടിയപ്പോൾ മൂന്നാം ഗോൾ ജോർജിഞ്ഞോ പെനാൽറ്റിയിലൂടെ നേടി. ഇതോടെ 10 കളിയിൽ നിന്നും ചെൽസിക്ക് 25 പോയിന്റ് ആയി. രണ്ടാം സ്ഥാനം 22 പോയിന്റ് ഉള്ള ലിവർപൂളിനും മൂന്നാം സ്ഥാനം 20 പോയിന്റ് ഉള്ള സിറ്റിക്കും ആണ്. 

ഒരു ഗോളും ഒരു അസിസ്റ്റും ആയി റൊണാൾഡോ തിളങ്ങിയ കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത 3 ഗോളിന് ടോട്ടനം ഹോട്ട്സ്പർസിനെ തോൽപ്പിച്ചു. റൊണാൾഡോ, എഡിസൺ കാവനി, റാഷ്ഫോഡ് എന്നിവർ ഗോൾ നേടി. 

ലെസ്റ്റർ സിറ്റിയെ 18 മിനിറ്റുകൾക്കിടയിൽ നേടിയ 2 ഗോളിൽ ആണ് ആഴ്‌സ്ണൽ തോൽപ്പിച്ചത്. ഗബ്രിയേൽ മഗാലസ്, എമിൽ സ്മിത്ത് റോവ് എന്നിവർ ഗോൾ നേടി. ലീഗിൽ ആദ്യ മൂന്ന് കളി തോറ്റ ശേഷം പിന്നീട് തോൽവിയറിയാതെ ഗണ്ണേഴ്സ്സ് 7 കളി പിന്നിട്ടു. 

ബേൺലി  ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രെന്റ്ഫോഡിനെയും സൗത്താംപ്റ്റൺ എതിരില്ലാത്ത ഒരു ഗോളിന് വാറ്റ്ഫോഡിനെയും തോൽപ്പിച്ചു. 

ha image widget