കെ.സിയുടെ ഫ്ലക്സ് വെച്ച സി.പി.എം നേതാവ്

കാമറ ഉള്ളത് താൻ അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം
 

വാടാനപ്പള്ളിയിൽ കെ.സി വേണുഗോപാലിന് അനുകൂലമായി ബോർഡ് സ്ഥാപിച്ച് ‘പെട്ടു’ പോയ സി.പി.എം പ്രാദേശിക നേതാവിന്റെ ശബ്ദരേഖ പുറത്ത്. കാമറ ഉള്ളത് താൻ അറിഞ്ഞിരുന്നില്ലെന്നും കോൺഗ്രസിൽ വിപ്ലവമുണ്ടാക്കാനാണ് കെ.സി അനുകൂല ബോർഡ് വെച്ചതെന്നും സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് പറയുന്ന വോയ്സ് ക്ലിപ്പാണ് പുറത്തുവന്നത്. ഇയാൾ ബോർഡ് തലയിലേറ്റി ​കൊണ്ടുപോയി സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.

‘നമുക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്തത്. കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. ഒരു കാമറ ഉണ്ടായിരുന്നു, അത് കേടായി എന്നാണ് വിചാരിച്ചത്. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. അവിടെയുള്ള കാമറ ആദ്യം കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്’ -മുഹമ്മദ് സി.പി.എം വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘എല്ലാവർക്കും നമസ്കാരം. ഞാൻ ഒരുപാട് മെസ്സേജുകൾ കണ്ടു. ഒന്ന് രണ്ട് സ്ഥലത്ത് പോയിട്ട് വീട്ടിൽ വരുമ്പോൾ വാടാനപ്പള്ളിക്കാരുടെയും മറ്റുള്ള ആൾക്കാരുടെയും ഒക്കെ മെസ്സേജ് കണ്ടു. എന്റെ പ്രസ്ഥാനത്തിനോട് ഏറ്റവും കൂടുതൽ എതിരുള്ള ഒരു പാർട്ടിയുടെ ആൾക്കാരുടെ ബോർഡാണ് ഞാൻ വച്ചിട്ടുള്ളത്. കോൺഗ്രസ് പാർട്ടിയുടെ. ഈ ഗ്രൂപ്പിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം. വാടാനപ്പള്ളിയിൽ പാർട്ടി ചിഹ്നത്തിൽ നിൽക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വേണ്ടി ഒരുങ്ങിയ ആൾക്കാരൊക്കെ ഈ ഗ്രൂപ്പിലുണ്ട്. വാടാനപ്പള്ളി നേതാക്കന്മാർക്കെതിരെ നിരന്തരം പോസ്റ്റ് ഇടുന്ന ആൾക്കാരും ഉണ്ട്. ഞാൻ അത്ര തരംതാണ കാര്യങ്ങ​ളൊന്നും ചെയ്തിട്ടില്ല.

നമ്മൾക്ക് ഏറ്റവും കൂടുതൽ ദേഷ്യമുള്ള കോൺഗ്രസ് പാർട്ടിയിൽ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടി മാത്രമേ ചെയ്തിട്ടുള്ളൂ. പിന്നെ കാമറ അവിടെ ഉള്ള കാര്യം സത്യത്തിൽ എനിക്കറിയില്ല. കാരണം ഒരു ക്യാമറ ഉണ്ടായിരുന്നു, അത് കേടായി. ഇത് അറക്കൽ മൊബൈൽ ഷോപ്പിൽ നിന്നാണെന്ന് തോന്നുന്നുണ്ട്. ആദ്യം അവിടെ കാമറ കംപ്ലൈന്റ് ആയിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ആ ധൈര്യത്തിലാണ് അവിടെ സാധനം വെച്ചത്.