ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ‘പരിശോധനാ പട്ടിക’യിലേക്ക് ക്രിക്കറ്റ് താരങ്ങളും; പട്ടികയിലെ 14 പേരിൽ സഞ്ജുവും

 

കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി നാഡ തയാറാക്കിയ ‘റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ൽ (ആർടിപി) മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ടെസ്റ്റ് ടീമിന്റെ ഉപനായകൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരും പട്ടികയിലുണ്ട്.

ഇന്ത്യൻ പുരുഷ ടീമിൽനിന്ന് 11 പേരെയും വനിതാ ടീമിൽനിന്ന് മൂന്നു പേരെയുമാണ് ആദ്യ ഘട്ടമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, അർഷ്ദീപ് സിങ്, തിലക് വർമ എന്നിവരാണ് പട്ടികയിലുള്ള മറ്റു പുരുഷ താരങ്ങൾ. വനിതാ ടീമിൽനിന്ന് ഷഫാലി വർമ, ദീപ്തി ശർമ, രേണുക സിങ് താക്കൂർ എന്നിവരുമുണ്ട്. ‘റജിസ്റ്റേഡ് ടെസ്റ്റിങ് പൂളി’ന്റെ ഭാഗമായുള്ള താരങ്ങൾ അവരുടെ യാത്രകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ നാഡയ്ക്ക് കൈമാറണം.

ആദ്യഘട്ടമായി ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കിടെ നാഡയുടെ ഉദ്യോഗസ്ഥർ ഏതാനും ക്രിക്കറ്റ് താരങ്ങളിൽനിന്ന് മൂത്ര സാംപിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. പരമ്പരയ്‌ക്കിടെ വിവിധ മത്സര വേദികളിൽ നാഡ ഉദ്യോഗസ്ഥരെത്തും. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയും അറിയിച്ചിട്ടുണ്ട്.

മുൻപ് 2019ലും ഏതാനും ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി നാഡ ‘റജിസ്റ്റേഡ് ടെസ്റ്റിങ് പൂൾ’ തയാറാക്കിയിരുന്നു. ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, സ്മൃതി മന്ഥന, ദീപ്തി ശർമ എന്നിവരാണ് ആദ്യ ഘട്ടത്തിൽ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ,  ഇവർ വിവരങ്ങൾ യഥാസമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നാഡ രംഗത്തെത്തിയിരുന്നു. എന്നാൽ, കോവിഡ് കാലത്തെ നിയന്ത്രണങ്ങളും സാങ്കേതിക പ്രശ്നങ്ങളുമാണ് ഇതിനു കാരണമെന്ന് ബിസിസിഐ വിശദീകരിച്ചിരുന്നു.

താമസ സ്ഥലത്തെ വിലാസം, ഇ മെയിൻ വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിശദാംശങ്ങളാണ് പൂളിന്റെ ഭാഗമായവർ നാഡയ്ക്ക് കൈമാറേണ്ടത്. ഇതിനു പുറമേ ട്രെയിനിങ്ങിന്റെയും മത്സരങ്ങളുടെയും സമയക്രമം ഉൾപ്പെടെയുള്ള വിശദാംശങ്ങളും നൽകണം.