ക്രിക്കറ്റിലെ രക്തം പുരണ്ട മരണക്കളികൾ; വിട പറഞ്ഞവരും മടങ്ങിയെത്തിയവരും

ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂസ് ലോകത്തോട് വിടപറയുമ്പോൾ ക്രിക്കറ്റ് പിച്ചിൽ രക്തം പുരണ്ട മുൻകാല ചരിത്രങ്ങൾ ഓർക്കാതെ വയ്യ. ചരിത്രത്തിൽ നിരവധി കളികളാണ് രക്തം പുരണ്ട ഓർമ്മകളായി അവശേഷിക്കുന്നത്.
 

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂസ് ലോകത്തോട് വിടപറയുമ്പോൾ ക്രിക്കറ്റ് പിച്ചിൽ രക്തം പുരണ്ട മുൻകാല ചരിത്രങ്ങൾ ഓർക്കാതെ വയ്യ. ചരിത്രത്തിൽ നിരവധി കളികളാണ് രക്തം പുരണ്ട ഓർമ്മകളായി അവശേഷിക്കുന്നത്.

ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിച്ച രമൺ ലാംബയെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. 1998-ൽ ബംഗ്ലാദേശിലെ ഒരു ലീഗ് മത്സരത്തിൽ സംഭവിച്ച പരിക്കാണ് ലാംബയുടെ ക്രിക്കറ്റ് ജീവിതത്തിന് വിരാമമിട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ മരണത്തിനോട് പോരാടിയ ലാംബെക്ക് വേണ്ടി ഇന്ത്യ മുഴുവൻ പ്രാർത്ഥിച്ചു. ആശുപത്രിയിൽ മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ലാംബ പിന്നീട് മരണത്തിന് കീഴടങ്ങി.

1958-59ലെ ക്വായ്ദ്-ഇ-ആസം ഫൈനലിൽ പന്ത് നെഞ്ചിൽ കൊണ്ട് പാക്കിസ്ഥാൻകാരൻ അബ്ദുൾ അസീസ് മരിച്ചത് 17-ാമത്തെ വയസ്സിൽ. കളിയിലെ അപകടത്തിൽ മരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായക്കാരനും അസീസാണ്. ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഇയാൻ ഫോളി മികച്ചൊരു ബോളറായിരുന്നു. 1993-ൽ വൈറ്റ് ഹാവന് വേണ്ടി കളിക്കുമ്പോൾ പന്ത് കണ്ണിന് തൊട്ടുതാഴെ കൊണ്ട് ഫോളിന് ഗുരുതര പരിക്കേറ്റു. ദിവസങ്ങൾക്ക് ശേഷം ഫോളി മരിക്കുകയും ചെയ്തു.

നോട്ടിങ്ഹാംഷെറിന്റെ ജോർജ് സമ്മേഴ്‌സ് 1870-ലാണ് തലയിൽ പന്തുകൊണ്ടു മരിച്ചത്. ലോർഡ്‌സ് മൈതാനത്ത് വച്ചായിരുന്നു അപകടം. പന്തുകൊണ്ട് പിച്ചിൽ വീണുപിടഞ്ഞ സമ്മേഴ്‌സ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പ്രീമിയർ ലീഗിൽ ബാറ്റു ചെയ്യവേ ദക്ഷിണാഫ്രിക്കൻ താരം ഡാരൻ റാൻഡൽ തന്റെ 32-ാം വയസിൽ പന്ത് തലയിൽ കൊണ്ടാണ് മരിച്ചത്. പാക്കിസ്ഥാൻ പ്രാദേശിക ലീഗ് താരം സുൾഫിക്കർ ഭാട്ടി 2013-ൽ ബൗൺസർ നെഞ്ചിലിടിച്ചു മരിച്ചു. സുക്കൂറിൽ പ്രാദേശിക മൽസരത്തിനിടയ്ക്കായിരുന്നു അപകടം.


അപകടത്തിൽ ഗുരുതര പരിക്കേറ്റ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരും കുറവല്ല. കഴിഞ്ഞയാഴ്ച നടന്ന ന്യൂസിലാൻഡ്-പാക്കിസ്ഥാൻ ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ഓപ്പണർ അഹമ്മദ് ഷെഹ്‌സാദിന്റെ തലയ്ക്ക് പരിക്കേറ്റു. തലയോടിന് പൊട്ടലേറ്റ ഷെഹ്‌സാദ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതേയുള്ളു.

വിക്ടോറിയയ്‌ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ന്യൂ സൗത്ത് വെയ്ൽസ് ബാറ്റ്‌സ്മാൻ ബെൻ റോഹറിന് അപകടത്തെ തുടർന്ന് ചില മത്സരങ്ങളിൽ നിന്നും വിട്ട് നിൽക്കേണ്ടതായി വന്നു.

ഫെബ്രുവരിയിൽ മിച്ചൽ ജോൺസന്റെ പന്തുകൊണ്ട് സൗത്ത് ആഫ്രിക്കൻ ആൾ റൗണ്ടർ റയാൻ മക്‌ലാരന്റെ ചെവിയിൽ നിന്നും ചോരയൊലിച്ചു. കളി തുടർന്ന റയാന് തലചുറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്തിന് കളിയിലേക്ക് മടങ്ങിയെത്താൻ രണ്ടാഴ്ചത്തെ വിശ്രമം വേണ്ടി വന്നു.