റയൽ മാഡ്രിഡ് അഭ്യൂഹങ്ങൾ തള്ളി ക്രിസ്റ്റ്യാനോ റൊണോൾഡോ; ഇപ്പോൾ ശ്രദ്ധ ഫുട്ബോളിൽ

റയലിലെ ചരിത്രം എഴുതിക്കഴിഞ്ഞതാണെന്നും താരം. മാധ്യമങ്ങളില്‍ വരുന്നത് അസത്യം.
 

യുവന്റസ് വിട്ട് റയൽമാഡ്രിലേക്ക് ചേക്കേറുകയാണെന്ന വാർത്ത തള്ളി സൂപ്പർതാരം ക്രിസ്റ്റ്യാനോ റെണോൾഡോ. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റുചെയ്ത കുറിപ്പിലൂടെയാണ് റൊണാൾഡോ അഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമിടുന്നത്. നിലവിൽ താൻ ഫുട്ബോളിനെകുറിച്ച് മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും റൊണാൾഡോ പറയുന്നു. റയലിനോടൊപ്പം തന്നെ മാഞ്ചസ്റ്റർ സിറ്റി പോലെയുള്ള ക്ലബ്ബുകളിലേക്ക് റൊണാൾഡോ പോകുന്നതായും പിഎസ്ജി റൊണാൾഡോയെ നോട്ടമിടുന്നതായും വാർത്തകൾ വന്നിരുന്നു. എന്നാൽ താരം താൻ യുവന്റസിൽ ഉറച്ചു നിൽക്കുമെന്ന് പോസ്റ്റിൽ പറയുന്നില്ല. പക്ഷെ റയൽ മാഡ്രിഡ് എന്ന വാർത്ത തള്ളുന്നുണ്ട്. ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്ന് എന്നാണ് റൊണാൾഡോ പറയുന്നുത്. 

ഇൻസ്റ്റ പോസ്റ്റിൽ റൊണാൾഡോ പറയുന്നു.


എന്നെ അറിയുന്നവർക്ക് എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും അറിയാം. കുറച്ച് സംസാരം കൂടുതൽ പ്രവർത്തി എന്നതാണ് എന്റെ രീതി. നിലവിൽ വരുന്ന വാർത്തകൾ എല്ലാം എന്റെ അറിവിൽ പെടുന്നതല്ല. എന്റെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള ചർച്ചകൾ ഒരു കളിക്കാരൻ, ഒരു മനുഷ്യൻ എന്ന രീതിയിൽ എന്നോട് മാത്രം കാണിക്കുന്ന നീതികേടല്ല. അത് ആ ക്ലബുകളോടും അവിടുത്ത കളിക്കാരോടും സ്റ്റാഫിനോടും കാണിക്കുന്ന അനീതിയാണ്. 

റയൽ മാഡ്രിഡിലെ എന്റെ കഥ മുഴുവൻ എഴുതിക്കഴിഞ്ഞു.  വാക്കുകളായും സംഖ്യകളായും റെക്കോർഡുകളായും തലക്കെട്ടുകളായും കിരീടങ്ങളായും വിജയങ്ങളായും  അത് രേഖപ്പെടുത്തിക്കഴിഞ്ഞതാണ്. ബർണാബ്യൂ സ്റ്റേഡിയത്തിലെ മ്യൂസിയത്തിലും ആയിരക്കണക്കിന് വരുന്ന ആരാധകരുടെ മനസിലും അത് നിലനിൽക്കുന്നുണ്ട്. അതിനപ്പുറം ഒമ്പതു വർഷത്തെ അവരുമായുള്ള ഊഷ്മളമായ ബന്ധവും ഓർക്കേണ്ടതുണ്ട്. യഥാർത്ഥ റയൽ ആരാധകരുടെ മനസിൽ ഞാനും എന്റെ മനസിൽ അവരും ഉണ്ടാകും.

സ്പെയിനിൽ നിന്നുള്ള അടുത്തിടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ലീ​ഗിലെ വിവിധ ക്ലബ്ബുകളുമായി എന്റെ പേര് ചേർത്തെഴുതുന്നുണ്ട്. എന്നാൽ സത്യമെന്താണെന്ന് അറിയാൻ ആർക്കും താൽപര്യമില്ല. അതിനാൽ തന്നെ ഞാൻ എന്റെ മൗനം അവസാനിപ്പിക്കുകയാണ്. എന്റെ പേര് വച്ച് കളിക്കാൻ ഞാൻ ആരേയും അനുവദിക്കില്ല. എന്റെ ജോലിയിൽ ആണ്  ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിൽ നേരിടാനുള്ള വെല്ലുവിളികൾ അതിജീവിക്കലിലാണ് എന്റെ ശ്രദ്ധ. ബാക്കിയുള്ളതെല്ലാം എന്താണ്? അതെല്ലാം വെറും വർത്തമാനം മാത്രം.