സെഞ്ചുറികളുടെ ദിനം, പറപറന്ന് സിക്സറുകൾ

രണ്ട് മത്സരങ്ങൾ, പിറന്നത് 986 റൺ
 

ബാറ്റർമാർ മൈതാനത്ത് താണ്ഡവമാടിയപ്പോൾ ഐപിഎല്ലിൽ ശനിയാഴ്ച പിറന്നത് വെടിക്കെട്ട് പൂരം. ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും അടിച്ചുതകർത്തപ്പോൾ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും റൺപൂരം തീർത്തു. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു. അതോടെ പുതുചരിത്രം പിറന്നു. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന റൺചേസിന്റെ റെക്കോഡാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ വൈഭവിന്റെ സെഞ്ചുറിക്കരുത്തിൽ രാജസ്ഥാൻ ഉയർത്തിയ 229 റൺസ് ലക്ഷ്യം എസ്ആർഎച്ചും മറികടന്നു.

രണ്ട് മത്സരങ്ങളിൽ നിന്നുമായി ഐപിഎല്ലിൽ ശനിയാഴ്ച പിറന്നത് 986 റൺസാണ്. ഡൽഹിയിൽ 529 റൺസും ജയ്പുരിൽ 457 റൺസും. ഒരു ദിവസം ഐപിഎല്ലിൽ പിറക്കുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്. ഇതിന് മുൻപ് രണ്ട് മത്സരങ്ങളിൽ നിന്നുമായി ഒരൊറ്റ ദിവസം ഇത്രയും റൺസ് വന്നിട്ടില്ല. 2024 ഏപ്രിൽ 27 നാണ് ഇതിന് മുൻപ് കൂടുതൽ റൺസ് പിറന്ന ദിനം. അന്ന് 899 റൺസാണ് ടീമുകളെല്ലാം ചേർന്ന് അടിച്ചെടുത്തത്. ഐപിഎല്ലിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സിക്‌സറുകൾ പിറന്ന ദിനം കൂടിയാണ് ശനിയാഴ്ച 59 സിക്‌സറുകളാണ് ടീമുകൾ നേടിയത്.