ക്യാമറയുമായി സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കേണ്ട; കേരള പൊലീസ്

ലൈക്ക് കൂട്ടാനായി ദുഃഖവും മരണവും ഉപയോഗിക്കരുത്
 

മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും അനുവാദമില്ലാതെ കാമറകളുമായി കടന്നുകയറുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെയും ലൈക്കും കൂട്ടുന്നതിനായി മനുഷ്യന്റെ ദുഃഖവും മരണവും അപകടങ്ങളുമൊക്കെ ഉപയോഗിക്കുന്ന പ്രവണതകൾക്കെതിരെയാണ് പൊലീസിന്റെ പ്രതികരണം.

തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പൊലീസ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പൊലീസ് ഈ സന്ദേശം ജനങ്ങളിലെത്തിച്ചത്.

ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലൂടെ പറന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഡ്രോൺ ക്യാമറയിലേക്ക് ബാറ്റർ അടിച്ച പന്ത് വന്നിടിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അനാവശ്യമായി എത്തിനോക്കുന്ന കാമറകൾക്കുള്ള പ്രതീകാത്മകമായ ഒരു പ്രഹരമായാണ് ഈ വീഡിയോയെ കണക്കാക്കുന്നത്.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കർശനമായ നിയമനടപടികൾക്ക് കാരണമാകും.

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, സെക്ഷൻ 66ഇ പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തി പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത് തെളിയിക്കപ്പെട്ടാൽ മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാമെന്നും എഫ്.ബി കുറിപ്പിൽ പൊലീസ് മുന്നിയിപ്പ് നൽകി.

നാടിന്റെ പ്രതിസന്ധികളും മറ്റുള്ളവരുടെ സങ്കടങ്ങളും റീൽസുകൾക്കും വീഡിയോകൾക്കുമായി ഉപയോഗിക്കുന്നവർ ഈ നിയമവശങ്ങൾ ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് കേരള പൊലീസ് ഓർമിപ്പിക്കുന്നത്.