മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം; ലിവർപൂളും ആസ്റ്റൺ വില്ലയും ജയിച്ചു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. നോർവിച്ച് സിറ്റിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന്റെ വിജയമാണ് സിറ്റി നേടിയത്. ആദ്യ കളിയിൽ ടോട്ടനം ഹോട്ട്സപർസിൽ നിന്നേറ്റ തോൽവിയുടെ ക്ഷീണം ഇതോടെ സിറ്റിക്ക് മാറി. ആദ്യ പകുതിയിൽ രണ്ട് ഗോളും രണ്ടാം പകുതിയിൽ മൂന്ന് ഗോളും പിറന്നു.
നോർവിച്ച് ഗോൾകീപ്പർ ക്രള്ളിന്റെ സെൽഫ് ഗോളായിരുന്നു ആദ്യത്തേത്ത്. രണ്ടാം ഗോൾ ജാക്ക് ഗ്രേലിഷിന്റെ വക. ഹോം ഗ്രൗണ്ട് അരങ്ങേറ്റത്തിൽ തന്നെ ഗ്രേലിഷ് സിറ്റിക്കായുള്ള ആദ്യ ഗോൾ നേടി. അയ്മറിക്ക് ലപ്പോർട്ട് മൂന്നാം ഗോളും റഹിം സ്റ്റർലിംഗ് നാലാം ഗോളും നേടി. അഞ്ചാം ഗോൾ റിയാദ് മെഹറസിന്റെ വകയായിരുന്നു.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ ബേൺലിയെ തോൽപ്പിച്ചത്. ഡിയോഗോ ജോട്ട, സാദിയോ മാനേ എന്നിവർ ഗോൾ നേടി. ഇതോടെ രണ്ടു കളിയിൽ രണ്ടും ജയിച്ച് ലിവർപൂൾ പട്ടികയിൽ ഒന്നാമതെത്തി. ആസ്റ്റൺ വില്ല തോൽപ്പിച്ചത് ന്യൂകാസിൽ യുണൈറ്റഡിനെയാണ്. സൗത്താംപ്റ്റണിൽ നിന്നും ആസ്റ്റൺ വില്ലയിലെത്തിയ ഡാനി ഇംഗ്സ് ആദ്യ ഗോൾ നേടി. അൻവർ എൽ ഗാസിയാണ് രണ്ടാം ഗോൾ നേടിയത്.
എവർട്ടൺ- ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിലായി. രണ്ടു ടീമും രണ്ട് ഗോൾ വീതം നേടി. ഡൊമിനിക്ക് കാൽവർട്ട്, ഡെമറായി ഗ്രേ എന്നിവർ എവർട്ടണു വേണ്ടി വല കുലുക്കിയപ്പോൾ ലീഡ്സിന്റെ ഗോൾ നേടിയത് മാത്യൂസ് ക്ലിച്ച്, റാഫിന്ന എന്നിവരാണ്.