ചാംപ്യൻസ് ലീഗ് ക്വാർട്ടർ; സിറ്റിക്ക് എതിരാളി റെയൽ, ബാഴ്സക്ക് പിഎസ്ജി

ക്വാർട്ടർ ഫൈനൽ ഏപ്രിൽ 9 മുതൽ
 
യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ  നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി 14 തവണ ജേതാക്കളായിട്ടുള്ള റയൽ മഡ്രിഡിനെ നേരിടും.  ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് സ്പാനിഷ് ക്ലബ് ബാർസിലോനയാണ് എതിരാളികൾ.  സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടുമായി ഏറ്റുമുട്ടും . ഇംഗ്ലിഷ് ക്ലബ് ആർസനലും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. ഏപ്രിൽ 9 മുതലാണ് മത്സരങ്ങൾ. ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.

ക്വാർട്ടർ ഫൈനൽ ജയിച്ചു കയറിയാൽ പ്രിമിയർ ലീഗ് എതിരാളികളായ സിറ്റിയും ആർസനലും  സെമിഫൈനലിൽ നേർക്കു നേര്‌‍ വരും. 14 വർഷങ്ങൾക്കു ശേഷം ക്വാർട്ടർ കളിക്കുന്ന ആർസനലിന്  മുൻപ് നാലു തവണ നോക്കൗട്ട് റൗണ്ടുകളിൽ തങ്ങളെ തോൽപിച്ച ബയണിനെയാണ് കിട്ടിയത്.  2017ൽ പ്രീക്വാർട്ടറിൽ കണ്ടുമുട്ടിയപ്പോൾ ഇരുപാദങ്ങളിലുമായി 10–2 എന്ന സ്കോറിനായിരുന്നു ബയണിന്റെ ജയം. 

യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ലിവർപൂളിന് എതിരാളികൾ ഇറ്റാലിയൻ ക്ലബ് അറ്റലാന്റ. എസി മിലാൻ–എഎസ് റോമ, ബെൻഫിക്ക–മാഴ്സൈ, ബയർ ലെവർക്യുസൻ–വെസ്റ്റ് ഹാം എന്നിവയാണ് മറ്റു മത്സരങ്ങൾ. ഏപ്രിൽ 18ന് മത്സരങ്ങൾക്കു തുടക്കമാകും. മേയ് 22ന് ഡബ്ലിനിലാണ് ഫൈനൽ.