കോപ്പ അമേരിക്ക; തകർപ്പൻ ജയത്തോടെ അർജന്റീന ഫൈനലിൽ

കോപ്പ അമേരിക്ക രണ്ടാം സെമിയിൽ പരാഗ്വെയെ തകർത്ത് അർജന്റീന ഫൈനലിൽ. മികച്ച പ്രകടനം കാഴ്ചവെച്ച് പരാഗ്വെയുടെ വലയിൽ ഗോൾമഴ തീർത്ത അർജന്റീന ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്.
 

 

സാന്റിയാഗോ: കോപ്പ അമേരിക്ക രണ്ടാം സെമിയിൽ പരാഗ്വെയെ തകർത്ത് അർജന്റീന ഫൈനലിൽ. മികച്ച പ്രകടനം കാഴ്ചവെച്ച് പരാഗ്വെയുടെ വലയിൽ ഗോൾമഴ തീർത്ത അർജന്റീന ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് വിജയിച്ചത്. കോപ്പ അമേരിക്ക ഫുട്‌ബോളിൽ കൊളംബിയയെ സഡൻ ഡെത്തിൽ അട്ടിമറിച്ചാണ് അർജന്റീന സെമിയിലെത്തിയത്. 4-3 ന് ബ്രസീലിനെ കീഴടക്കിയായിരുന്നു പരാഗ്വെ സെമിയിലെത്തിയത്.

കളിയുടെ 15-ാം മിനിറ്റിൽ തന്നെ മെസ്സിയുടെ ഫ്രീ കിക്കിൽ നിന്ന് മാർക്കസ് റോജോ ഗോൾ നേടി. അർജന്റീനയ്ക്കു വേണ്ടി ഏയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോൾ സ്വന്തമാക്കി. 47, 53 മിനിറ്റുകളിലായിരുന്നു ഇരട്ട ഗോളുകൾ പിറന്നത്. മാർക്കസ് റോജോ, ജവിയർ പസ്റ്റോറെ (27-ാം മിനിറ്റ്), സെർജിയോ അഗീറോ, ഗോൺസാലോ ഹിഗ്വെയ്ൻ എന്നിവരും പരാഗ്വെയുടെ ഗോൾ വല ചലിപ്പിച്ചു.

അർജന്റീനയുടെ ആധിപത്യമായിരുന്നു കളിക്കളത്തിൽ കാണാനായത്. സൂപ്പർതാരം മെസ്സിയുടെ പാസുകൾ ഗോളിന് വഴിയൊരുക്കി. 42-ാം മിനിറ്റിൽ പരാഗ്വെ ഒരു ഗോൾമടക്കി. ലൂക്കാസ് ബാരിയോസായിരുന്നു പരാഗ്വെയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. 80-ാം മിനിറ്റിൽ സെർജിയോ അഗീറോയും, 83-ാം മിനിറ്റിൽ ഹിഗ്വെയിനും സ്‌കോർ ചെയ്തതോടെ അർജന്റീന വിജയം സ്വന്തമാക്കി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.