ബാലൺ ഡി ഓർ പുരസ്‌കാരം റൊണാൾഡോയ്ക്ക്
സൂറിച്ച്: 2014ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക്. സൂറിച്ചിൽ നടന്ന ചടങ്ങിൽ റയലിന്റെ സൂപ്പർ താരം പുരസ്‌കാരം ഏറ്റുവാങ്ങി. ഇത് മൂന്നാം തവണയാണ് റൊണാൾഡോ ഈ നേട്ടം കൈവരിക്കുന്നത്. 2008ലും 2013 ലും റൊണാൾഡോ തന്നെയായിരുന്നു പുരസ്‌കാര ജേതാവ്. മികച്ച വനിതാ താരമായി ജർമനിയുടെ മിഡ്ഫീൽഡർ നദീൻ കെസ്‌ലർ (17.52%) തെരഞ്ഞെടുക്കപ്പെട്ടു.
അർജന്റീന സൂപ്പർതാരം ലയണൽ മെസി, ജർമൻ ഗോൾകീപ്പർ മാനുവൽ നുയർ ഉൾപ്പെടെ ഫിഫയുടെ ലോക പതിനൊന്നിൽ ഉൾപ്പെട്ട കളിക്കാരെ പിന്തള്ളിയാണ് ക്രിസ്‌റ്റ്യോനോ പുരസ്‌കാരം സ്വന്തമാക്കിയത്. 181 ദേശീയ ടീം കോച്ചുകളും 182 ദേശീയ ടീം ക്യാപ്റ്റന്മാരും 181 മാധ്യമ പ്രതിനിധികളുമാണ് വോട്ടു രേഖപ്പെടുത്തിയത്. ക്രിസ്റ്റിയാനോയ്ക്ക് 37.66 ശതമാനം വോട്ടാണ് ലഭിച്ചത്. മെസിയും (15.76) ന്യൂയറും (15.72) വോട്ടിന്റെ കാര്യത്തിൽ പിന്നിലായി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് സ്വിറ്റ്‌സർലന്റാണ് വോട്ടെടുപ്പിന് നേതൃത്വം നൽകിയത്.
2014ലെ മികച്ച ഗോളിനുള്ള പുരസ്‌കാരം കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ് കരസ്ഥമാക്കി. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം ലോകകപ്പിൽ ജർമനിയെ വിജയത്തിലേക്കു നയിച്ച ജൊവാക്വിം ലോ (ജർമനി, 36.23%) സ്വന്തമാക്കി. റാൾഫ് കെല്ലർമാനാണ് (ജർമനി 17.06%) മികച്ച വനിതാ ഫുട്‌ബോൾ പരിശീലകൻ.