രണ്ടാം പാദ സെമി: ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്.സി പോരാട്ടം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഇന്ന്. ആദ്യ എഡിഷനിൽ ഫൈനലിൽ ഇടംപിടിക്കുന്ന ടീമെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.
 

 

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ രണ്ടാംപാദ സെമി ഇന്ന്. ആദ്യ എഡിഷനിൽ ഫൈനലിൽ ഇടംപിടിക്കുന്ന ടീമെന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. കൊച്ചിയിൽ നടന്ന ആദ്യ പാദത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയിച്ച ബ്ലാസ്റ്റേഴ്‌സ് ഫൈനൽ ഏറെ കുറെ ഉറപ്പാക്കി കഴിഞ്ഞു.

ഈ മത്സരത്തിൽ ഒരു സമനില മാത്രം മതി ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലിൽ ഇടംപിടിക്കാൻ. ഇന്ന് വലിയ മാർജിനിൽ തോറ്റാൽ മാത്രമേ പുറത്താകൂ. എന്നാൽ അതിനുള്ള സാധ്യത വിരളമാണ്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മൽസരം.

കൊച്ചിയിൽ തിങ്ങിനിറഞ്ഞ കാണികളുടെ പിന്തുണയില്ലെങ്കിലും ലീഗ് റൗണ്ടിൽ തലപ്പത്തെത്തിയ ചെന്നൈയിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്‌സിനെ തുണയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടൂർണമെന്റിലെ ടോപ് സ്‌കോറർ ഇലാനോ ബ്ലൂമർ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് അലസാൻഡ്രോ നെസ്റ്റ എന്നിവർ തിരിച്ചെത്തുന്നത് ചെന്നൈ ടീമിന് കരുത്ത് പകരും. ഇഷ്ഫാഖ് അഹമ്മദും സ്റ്റാർ സ്‌ട്രൈക്കർ ഇയാൻ ഹ്യൂമും മലയാളി താരം സുശാന്ത് മാത്യുവും നേടിയ ഗോളുകൾ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചു.

രണ്ടു മിനിറ്റിനിടെയാണ് രണ്ടു ഗോളുകൾ ചെന്നൈ വഴങ്ങിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിട്ടും ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സിനോട് തകർന്നത് ചെന്നൈയെ ഞെട്ടിച്ചിരുന്നു. ഗോൾ കീപ്പർ സന്ദീപ് നാന്ദിയുടെ കൈകരുത്തും 60,000 ത്തോളം വരുന്ന കാണികളുടെ പിന്തുണയും ബ്ലാസ്റ്റേഴ്‌സ് വിജയത്തിൽ നിർണായകമായി.

ഗംഭീര വിജയത്തോടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് ഫൈനലിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈയിൻ എഫ്.സിയും കഴിഞ്ഞ വിജയം ആവർത്തിക്കാനായി ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടാനിറങ്ങുമ്പോൾ ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചൊരു പോരാട്ടത്തിനായിരിക്കും ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.