ഐ.എസ്.എൽ: ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ 2 ഗോളുകൾക്ക് മുന്നിൽ. ചെന്നൈയിൻ എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആവേശകരമായ മത്സരത്തിനാണ് കൊച്ചി കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.
 

 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ 2 ഗോളുകൾക്ക് മുന്നിൽ. ചെന്നൈയിൻ എഫ്.സിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ആവേശകരമായ മത്സരത്തിനാണ് കൊച്ചി കലൂർ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രമുഖ താരമായ ഇയാൻ ഹ്യൂമിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ആക്രമണമാണ് കളിയിലുടനീളം കാഴ്ചവെയ്ക്കുന്നത്.

ഇരുപത്താറാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നു. ശ്രീനഗർ സ്വദേശിയായ ഇഷ്ഫാക്ക് അഹമ്മദാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. രണ്ട് മിനിറ്റിന് ശേഷം ഗ്യാലിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയതാരം ഇയാൻ ഹ്യൂം ഗോളടിച്ചു. ഇരുപത്തെട്ടാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ അനായാസമായ ഗോൾ പിറന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം മത്സരത്തിൽ പ്രതിഫലിക്കുന്നുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയായ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ യുവ്‌രാജ് സിങും, സഹീർ ഖാനും കളികാണാനെത്തി. ചെന്നൈയിൻ എഫ്.സി യുടെ സഹഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചൻ ടീമിന് ആവേശം പകരാൻ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.

ഡേവിഡ് ജെയിംസ് പുറത്തിരിക്കുമ്പോൾ സന്ദീപ് നന്ദിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുന്നത്. പരുക്കേറ്റ പ്രതിരോധനിര താരം സന്ദേശ് ജിങ്കാറും  കളിക്കുന്നില്ല.