മെസിയുടെ ഛായാചിത്രത്തിന് 3 കോടി

ലണ്ടനിൽ നടന്ന ലേലത്തിൽ ബാർസലോണ താരം ലയണൽ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് 5,56,000 ഡോളർ (3 കോടി 46 ലക്ഷം രൂപ).
 

 

ലണ്ടൻ: ലണ്ടനിൽ നടന്ന ലേലത്തിൽ ബാർസലോണ താരം ലയണൽ മെസിയുടെ ഛായാചിത്രത്തിന് ലഭിച്ചത് 5,56,000 ഡോളർ (3 കോടി 46 ലക്ഷം രൂപ). ഡാമിയൻ ഹിർസ്റ്റ് എന്ന ആർട്ടിസ്റ്റാണ് ‘ബ്യൂട്ടിഫുൾ മെസി സ്പിൻ പെയിന്റിങ് ഫോർ വൺ ഇൻ ഇലവൻ’ എന്ന ചിത്രം വരച്ചത്. കുട്ടികൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം സ്വരൂപിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്.

പൂക്കളുടെ പശ്ചാത്തലത്തിൽ ബാർസലോണ ജേഴ്‌സിയിൽ പന്തുമായി മുന്നേറുന്ന അർജന്റീന താരത്തിന്റെ ‘ലയണൽ മെസി ആന്റ് എ യൂണിവേഴ്‌സ് ഓഫ് ഫ്‌ളവർ’ ചിത്രത്തിന് മൂന്ന് കോടി ( 483,000 ഡോളർ) ലഭിച്ചു. ഫുട്‌ബോൾ വിഷയമാക്കിയുള്ള 18 വസ്തുക്കളാണ് ലേലത്തിൽ പ്രദർശിപ്പിച്ചിരുന്നത്.

ജപ്പാനിലെ ആർട്ടിസ്റ്റായ തകാഷി മുറകാമി, അമേരിക്കൻ ശിൽപി റിച്ചാർഡ് സെറ, ഈജിപ്ഷ്യൻ കരകൗശല വിദഗ്ദ്ധൻ വെയ്ൽ ഷോക്കി, അറേബ്യൻ കലാകാരനായ മനൽ അൽ ദൊവായൻ എന്നി പ്രമുഖരുടെ കലാവിരുതുകളാണ് ലേലത്തിലുണ്ടായിരുന്നത്. ഇവയെല്ലാം ചേർത്ത് നാല് മില്യൺ ഡോളറാണ് (24 കോടി 91 ലക്ഷം രൂപ) സ്വരൂപിച്ചത്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുക എന്ന പ്രചരണത്തിന്റെ ഭാഗമായാണ് ലേലം സംഘടിപ്പിച്ചത്.