ബൈ ബൈ ബാഴ്സ. മെസി ബാഴ്‌സിലോണ വിട്ടു
Satheesh
778 കളികൾ, 672 ഗോളുകൾ, 305 അസിസ്റ്റുകൾ, 10 ലാലീഗ കിരീടം, 4 ചാമ്പ്യൻസ് ലീഗ് കിരീടം. ഒരു ക്ലബ്ബിന് വേണ്ടി ചെയ്യാൻ കഴിയാവുന്ന എല്ലാം നൽകി മെസ്സി എന്ന പ്രതിഭ ബാഴ്സിലോണ വിട്ടു. ക്ലബ്ബ് തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്.
2000ൽ തുടങ്ങിയ ബാഴ്സ ബന്ധം , 2004ൽ സീനിയർ ടീമിലെത്തി 2021ൽ നീണ്ട രണ്ടു പതിറ്റാണ്ടിനു ശേഷം അവസാനിക്കുമ്പോൾ മെസ്സി ബാഴസയിലൂടെയും ബാഴ്സ മെസിയിലൂടെയും ഒരുപാട് വളർന്നു. ബാഴ്‌സിലോണ എന്ന കറ്റാലൻ ക്ലബ്ബിന് ഒരു കളിക്കാരൻ മാത്രമായിരുന്നില്ല മെസ്സി. ഒരു ചാലക ശക്തി കൂടി ആയിരുന്നു. സ്വന്തം നാടിനെക്കാൾ മെസ്സി മികവ് കാട്ടിയത് ഈ ക്ലബ്ബിന് വേണ്ടിയാണ്.
മെസ്സിയില്ലാത്ത ബാഴ്‌സ , കറ്റിലോണിയക്കാർക്കും ക്ലബ്ബ് ആരാധകർക്കും ഉൾക്കൊള്ളാൻ ഒഴിയില്ല. മറ്റൊരു കുപ്പായത്തിൽ മെസിയെ സങ്കൽപ്പിക്കാൻ അവർക്ക് ആവില്ല. ഈ യാഥാർഥ്യം അംഗീകരിക്കാൻ ബാഴ്സ ഫാൻസ് കുറച്ചധികം സമയമെടുക്കും എന്നത് തീർച്ചയാണ്.
മെസ്സി പോയിക്കഴിഞ്ഞുള്ള ബാഴ്സ ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെ ആയിരിക്കും. ക്യാമ്പ് നൗവിലേക്ക് ഇനി ആളെ കൂട്ടാൻ ഏതു മാന്ത്രികൻ ആണ് വരിക എന്നായിരിക്കും അവർ ഉറ്റുനോക്കുന്നത്. ലോക ഫുട്‌ബോളിൽ മെസ്സിയോളം പോന്ന മറ്റൊരു മാന്ത്രികൻ ഇല്ല എന്ന സത്യം അവർ പതിയെ ഉൾക്കൊള്ളുമായിരിക്കും. മെസ്സിയില്ലാത്ത മത്സരങ്ങൾ ബാഴ്സക്ക് കപ്പിത്താൻ ഇല്ലാത്ത നൗക പോലെ ആയിരിക്കും.
മെസ്സി ഇനി മറ്റേതു കൊമ്പിൽ ചേക്കേറിയാലും അത് ബാഴ്സ പോലെ ആവില്ല എന്ന് മെസ്സി ആരാധകർക്കും അദ്ദേഹത്തിനും അറിയാം. എന്നാലും തന്റെ പ്രിയ പട്ടണത്തിൽ തുടരാനുള്ള ആഗ്രഹം 21 വർഷത്തിന് ശേഷം മെസ്സി മാറ്റിവച്ചു നടക്കുമ്പോൾ ഏറ്റവും വലിയ നഷ്ടം ലാ ലീഗക്ക് ആണ്. റൊണാൾഡോക്ക് പിന്നാലെ മെസ്സിയും സ്പെയിൻ വിടുമ്പോൾ ഇനി ആരുടെ കളി കാണാനാണ് ഞങ്ങൾ ഉറക്കമൊഴിച്ചു ഇരിക്കേണ്ടത് എന്ന് ഓരോ ഫുട്ബോൾ പ്രേമിയും ചോദിക്കും.
നീ ശരിക്കും ഒരു സിംഹം ആയിരുന്നു മെസി. അതുകൊണ്ട് തന്നെ ബാഴ്സിലോണ വിൽ മിസ് യൂ ലിയോ.