സഹല്‍ അബ്ദുല് സമദ്, കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൂപ്പര്‍ താരം
കൊച്ചി: ക്ലബ് ഫുട്ബോളില് ലോക്കല് ബോയ്സ് തിളങ്ങുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശം നല്കുന്ന കാര്യമാണ്. ക്ലബിന്റെ സ്വന്തം തട്ടകത്തില് വാര്ത്തെടുത്ത കളിക്കാരന് എന്ന് അര്ത്ഥത്തിലാണ് ലോക്കല് ബോയ് വിളി ഒരു താരത്തിനെ തേടിയെത്തുന്നത്. കഴിഞ്ഞ സീസണ് കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ നാണക്കേടുണ്ടാക്കായെങ്കിലും ഒരു താരത്തിന്റെ ഉദയത്തിന് കൂടി ക്ലബ് ഇത്തവണ സാക്ഷിയായി എന്നത് വലിയ കാര്യമാണ്. സഹല് അബ്ദുല് സമദ് എന്ന മധ്യനിരക്കാരനാണ് ഇത്തവണ കേരളത്തിന്റെ സ്വന്തം ടീം കണ്ടെത്തിയ താരം. കണ്ണൂര് സ്വദേശിയായ സഹല് 2017-18 സീസണില് കേരളത്തിന് വേണ്ടി രണ്ട് മത്സരങ്ങള് മാത്രമാണ് പന്ത് തട്ടിയത്. എന്നാല് 2018-19 സീസണില് അത് 17 മത്സരങ്ങളിലേക്ക് ഉയര്‍ന്നു.
വിദേശതാരങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന ഫിറ്റ്‌നസും മിഡ്ഫീല്‍ഡില്‍ നിന്ന് കൃത്യതയോടെ അറ്റാക്ക് ചെയ്യാനുള്ള സഹലിന്റെ മികവും ഇത്തവണത്തെ ഐ.എസ്.എല്‍ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. വെറും 21 വയസ് മാത്രം പ്രായുമുള്ള സഹലിന് ഇനി ഇന്ത്യന്‍ ജഴ്‌സിലേക്ക് അധിക ദൂരം സഞ്ചരിക്കാനില്ല. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിന് വേണ്ടി ഒരു തവണ ബൂട്ടണിഞ്ഞു കഴിഞ്ഞു സഹല്‍. അനസ് എടത്തൊടികയ്ക്ക് ശേഷം മറ്റൊരു മലയാളി ഇന്ത്യന്‍ ടീമിന്റെ അഭിമാനമായി മാറാന്‍ അധിക നാളുകളില്ലെന്ന് ചുരുക്കും. ഐ.എം. വിജയനും, ജോപോള്‍ അഞ്ചേരിക്കുമൊക്കെ ശേഷം മറ്റൊരു മലയാളി പ്രതിഭയെന്നാണ് സഹലിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
ഐ.എസ്.എല്ലിന്റെ ആദ്യ സീസണില്‍ കേരളം കണ്ടെത്തിയ താരമായിരുന്നു സന്തേഷ് ജിങ്കന്‍. ജിങ്കന്‍ ആദ്യ സീസണിലെ എര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം ലഭിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രതിരോധതാരമാണ് ജിങ്കന്‍. ബ്ലാസ്റ്റേഴ്‌സിന്റെ കണ്ടെത്തലുകള്‍ക്ക് മൂര്‍ച്ഛ കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സഹലിന്റെ പ്രകടനം. സീസണിലെ എര്‍ജിംഗ് താരമായതോടെ സഹലിന് വേണ്ടി മറ്റു ടീമുകളും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും അടുത്ത സീസണിലേക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ ജിങ്കന് മറ്റൊരു പിന്‍ഗാമിയാവുകയാണ് സഹല്‍.