ചേട്ടാ എന്ന വിളിയേക്കാൾ എനിക്കിഷ്ടം സഞ്ജൂ എന്ന് വിളിക്കുന്നത്
മലയാളി താരം സഞ്ജു സാംസന്റെ ഓമനപ്പേരായി ‘ചേട്ടാ’ എന്ന വിളി ഏറെക്കുറെ ഉറച്ചുകഴിഞ്ഞു. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായിരുന്ന യുസ്‌വേന്ദ്ര ചെഹലിന്റെ റീലുകളിലൂടെയാണ് ‘ചേട്ടാ’ വിളി പ്രചാരത്തിലായത്. മലയാളികൾ പൊതുവെ വിളിക്കാറുള്ള ‘ചേട്ടൻ’ എന്നതു തന്നെയാണ് ‘ചേട്ടാ’ ആയത്. പിന്നീട് ചെന്നൈ സൂപ്പർ കിങ്സിലെത്തിയതോടെയും ട്വന്റി20 ലോകകപ്പിൽ ഹീറോ ആയതോടെയും ആരാധകരുടെ മുഴുവൻ ‘ചേട്ടാ’ ആയി സഞ്ജു മാറി. ഇന്നലെ ചെപ്പോക്കില്‍ കൂടിയ ആരാധകരും സഞ്ജുവിന്‍റെ ഷോട്ടുകളെ ചേട്ടാ വിളികളോടെ തന്നെയാണ് എതിരേറ്റത്. ഇതിനെക്കുറിച്ച് മത്സരശേഷം സഞ്ജുവും പ്രതികരിച്ചു.
‘ആളുകൾ നിങ്ങളെ ‘ചേട്ടാ’ എന്ന് വിളിക്കുന്നു, നിങ്ങൾക്കത് ഇഷ്ടമാണോ?’ എന്നായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരച്ചടങ്ങിൽ അവതാരകനായ ഹർഷ ഭോഗ്‌ലെയുടെ ചോദ്യം. ‘‘അതെ, അവർ എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്ക് ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം’’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ക്രീസിൽ എപ്പോഴും ശാന്തനായി കാണുന്നതിന്റെ രഹസ്യത്തെക്കുറിച്ചും സഞ്ജുവിനോട് ഹർഷ ഭോഗ്‌ലെ ചോദിച്ചു. ‘‘ സത്യം പറഞ്ഞാൽ, ഞാൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഏറ്റവും വലിയ മാറ്റം എന്താണെന്നുവച്ചാൽ, ഇപ്പോൾ നിങ്ങൾ എന്നെ കൂടുതൽ സമയം ക്രീസിൽ കാണുന്നുണ്ട്, അതുകൊണ്ടാണ് ഞാൻ വളരെ ശാന്തനാണെന്ന് ആളുകൾ പറയുന്നത്. ഞാൻ പുറത്ത് ഇരിക്കുമ്പോഴും യഥാർഥത്തിൽ വളരെ ശാന്തനാണ്. ബാറ്റ് ചെയ്യുമ്പോൾ അല്പം കൂടുതൽ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, അപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു, ‘അതെ, ഇവൻ കുറച്ച് അധികം ശാന്തനാണല്ലോ’ എന്ന് ആളുകൾ കരുതുന്നു.’’– സഞ്ജു പറഞ്ഞു.