ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 303 റൺസ് വിജയലക്ഷ്യം
മെൽബൺ: ലോകകപ്പിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക്കെതിരേ ബംഗ്ലാദേശിന് 303 റൺസ് വിജയലക്ഷ്യം. രോഹിത് ശർമ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റിന് 302 റൺസ് നേടി. 126 പന്തിൽ 137 റൺസ് നേടിയ രോഹിതിന്റെ ഏഴാം ഏകദിന സെഞ്ച്വറിയാണ് മെൽബണിൽ പിറന്നത്. 14 ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ സെഞ്ച്വറി.
മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ഓപ്പണറായി ശിഖർ ധവാനും രോഹിതും ക്രീസിലെത്തി. ധവാൻ-രോഹിത് ഓപ്പണിംഗ് സഖ്യം ഇന്ത്യയ്ക്ക് 75 റൺസ് സമ്മാനിച്ചെങ്കിലും ധവാനും വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും തുടരെ പുറത്തായത് ഇന്ത്യയ്ക്ക് സമ്മർദ്ദമുണ്ടാക്കി. 115/3 എന്ന നിലയിൽ ഒത്തുചേർന്ന റെയ്‌ന-രോഹിത് സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 122 റൺസ് നേടി. 57 പന്തിൽ ഏഴ് ഫോറും ഒരു സിക്‌സും ഉൾപ്പടെ റെയ്‌ന 65 റൺസ് നേടി. 10 പന്തിൽ നാല് ബൗണ്ടറികൾ ഉൾപ്പടെ 23 റൺസ് നേടിയ ജഡേജയാണ് സ്‌കോർ 300 കടത്തിയത്.
ബംഗ്ലാദേശിന് വേണ്ടി തസ്‌കിൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ മൊർത്താസ, റൂബൽ ഹുസൈൻ, ഷക്കിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.