ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടം ഇന്ന്
മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളിക്കളത്തിൽ ഇറങ്ങും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ് ഫൈനൽ പോരാട്ടം. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ സെമി ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ പ്രവേശനം നേടിയത്. സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു ഓസീസിന്റെ വരവ്.
കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും ഗില്ലും വിരാടും രാഹുലും ശ്രേയസും അപാര ഫോമിൽ. അതിലും മികച്ച് ബൗളിംഗ് അറ്റാക്ക്. സൂപ്പർ ഷമിയും ബുംറയും കുൽദീപും ജഡേജയും ഫോം തുടർന്നാൽ ഇന്ത്യ കപ്പുയർത്തും.
5 ലോകകപ്പുകൾ നേടിയിട്ടുള്ളവരാണ് ഓസ്ട്രേലിയ.1987ൽ ഇന്ത്യയിൽ വച്ചായിരുന്നു അവരുടെ ആദ്യ കിരീടനേട്ടം. 1999, 2003, 2007, 2015 വർഷങ്ങളിൽ മറ്റ് കിരീടങ്ങൾ. 2തവണയാണ് ഇന്ത്യ കപ്പുയർത്തിയത്. 1983ൽ കപിൽസ് ഡെവിൾസ് ടീം ആദ്യം കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 2011ൽ ധോണിയുടെ നേതൃത്വത്തിൽ രണ്ടാം കിരീടം.