ത്രില്ലർ പോരിൽ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് 11 റൺസിന്, പരമ്പര 2-1 മുന്നിൽ

 


ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 11 റൺസ് ജയം. ഇന്ത്യയുടെ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരുടെ പോരാട്ടം 208-7 എന്ന നിലയിൽ അവസാനിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച മാർക്കോ ജാൻസനും (17 പന്തിൽ 54) പ്രോട്ടീസിനെ രക്ഷിക്കാനായില്ല. തിലക് വർമയുടെ സെഞ്ച്വറി കരുത്തിലാണ് സന്ദർശകർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ജയത്തോടെ പരമ്പരയിൽ 2-1 ഇന്ത്യ മുന്നിലെത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ 27 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ റയാൻ റിക്കെൽട്ടനെ(20) നഷ്ടമായി. സ്പിൻബൗളിങിന് മുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ഒരിക്കൽകൂടി തകർന്നു. 13 പന്തിൽ 21 റൺസെടുത്ത റീസ ഹെൻറിക്‌സിനേയും 18 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനേയും പുറത്താക്കി വരുൺ ചക്രവർത്തി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. തൊട്ടുപിന്നാലെ കഴിഞ്ഞ മാച്ചിലെ ഹീറോ ട്രിസ്റ്റൻ സ്റ്റബ്‌സിനെ(12) വിക്കറ്റിന് മുന്നിൽകുരുക്കി അക്‌സർ പട്ടേൽ കരുത്തുകാട്ടി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഹെന്റിച് ക്ലാസൻ-ഡേവിഡ് മില്ലർ കൂട്ടുകെട്ട് പ്രോട്ടീസിന് പ്രതീക്ഷ നൽകി.