രാജസ്ഥാനെ എറിഞ്ഞിട്ട് കൊൽക്കത്ത

 മുംബൈയുടെ പ്ലേ ഓഫ് സാധ്യത ഇല്ലാതായി
 

 രാജസ്ഥാനെ 86 റൺസിന്  തോൽപ്പിച്ച്  കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎൽ  പ്ലേ ഓഫ് ഉറപ്പാക്കി.  172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 16.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി.  രാജസ്ഥാൻ നിരയിൽ എട്ടു പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മൂന്നു പേർക്ക് റണ്ണൊന്നുമെടുക്കാൻ കഴിഞ്ഞില്ല.കൊൽക്കത്തയുടെ ജയത്തോടെ മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരും(38) 79 റൺസ് ചേർത്തു. 44 പന്തുകൾ നേരിട്ട ഗിൽ രണ്ടു സിക്‌സും നാല് ഫോറുമടക്കം 56 റൺസെടുത്തു. നാല് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് സ്കോർ ചെയ്തത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജെയ്‌സ്വാളിനെ (0) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ സഞ്ജു സാംസണും (1) മടങ്ങി. പിന്നാലെ തുടരെ വിക്കറ്റുകൾ വീണു. ലിയാം ലിവിങ്സ്റ്റൺ (6), അനുജ് റാവത്ത് (0), ഗ്ലെൻ ഫിലിപ്പ് (8), ശിവം ദുബെ (18), ക്രിസ് മോറിസ് (0) തുടങ്ങിയവരെല്ലാം വന്നതും പോയതും അറിഞ്ഞില്ല. 36 പന്തിൽ നിന്ന് 2 സിക്‌സും 5 ഫോറുമടക്കം 44 റൺസെടുത്ത രാഹുൽ തെവാട്ടിയ മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കൊൽക്കത്തയ്ക്കായി ശിവം മാവി നാലും ലോക്കി ഫെർഗൂസൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.