ഐപിഎൽ കൊൽക്കത്തക്ക് വിജയം; മുംബൈയെ തകർത്തത് ഏഴ് വിക്കറ്റിന്

 

മുൻനിര ബാറ്റർമാരുടെ മികവിൽ മുംബൈ ഇന്ത്യൻസിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. മുബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പതിനാറാം ഓവറിൽ കൊൽക്കത്ത മറികടന്നു. ഓപ്പണർ വെങ്കിടേഷ് അയ്യർ ( 53), രാഹുൽ തൃപതി(74 നോട്ടൗട്ട്) എന്നിവരാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 

ടോസ് നേടിയ കൊൽക്കത്ത ബൗളിം​ഗ് തെരഞ്ഞെടുത്തു. രോഹിത്ത് ശർമ്മയും ക്വിന്റൺ ഡികോക്കും നല്ല തുടക്കമാണ് ടീമിന് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 78 റൺസ് നേടി. രോഹിത്ത് 33ഉം ഡികോക്ക് 55ഉം നേടി. മറ്റു ബാറ്റർമാരാരും കാര്യമായി സ്കോർ ചെയ്തില്ല. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 155 റൺസ് നേടിയത്. പ്രതീഷ് കൃഷ്ണ, ലോക്കി ഫെർ​ഗൂസൺ, എന്നിവർ 2 വിക്കറ്റ് വീതവും സുനിൽ നരേൻ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിം​ഗിനിറങ്ങിയ കൊൽക്കത്തക്ക് ശുഭ്മാൻ ​ഗില്ലിനെ ആദ്യമേ നഷ്ടമായെങ്കിലും മികച്ച ഫോമിലുള്ള വെങ്കിടേഷ് അയ്യരും തൃപതിയും ചേർന്ന് ടീമിനെ വിജയത്തിനടുത്തെത്തിച്ചു. ഇതോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തത്തി.