കോവിഡ് പടരുന്നു; ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് പ്രതിസന്ധിയിലേക്ക്

 

പ്രീമിയർ ലീ​ഗ് ക്ലബ്ബിലെ അം​ഗങ്ങൾക്കിടയിൽ കോവിഡ് പടർന്നു പിടിക്കുന്നത് ഇം​ഗ്ലീഷ് ഫുട്ബോൾ മേഖലയേയും ആശങ്കയിലാക്കുന്നു. ടോട്ടനം ഹോട്ട്സ്പർസിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിലും കോവിഡ് ബാധിച്ചതിനെ തുടർന്ന് മത്സരങ്ങൾ മാറ്റിവെക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡും ബ്രെന്റ്ഫോഡും തമ്മിൽ ഇന്ന് രാത്രി നടക്കേണ്ട മത്സരം കോവിഡ് കാരണം മാറ്റിവച്ചതായി അറിയിപ്പുവന്നു. ടോട്ടനം അവരുടെ മൂന്ന് മത്സരങ്ങളിൽ ഒന്ന് ഉപേക്ഷിക്കുകയും ഒന്ന് കോവിഡ് കാരണം മാറ്റിവക്കുകയും ചെയ്തു. രണ്ടാഴ്ച്ച മുന്നേ മഞ്ഞുവീഴ്ച്ച കാരണം അവരുടെ ഒരു മത്സരം മാറ്റിവച്ചിരുന്നു. 

കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ​പ്രീമിയർ ലീ​ഗിലെ കളിക്കാരും സ്റ്റാഫും ഉൾപ്പടെ 42  പേർക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കണക്കാണ് ഇത്. ബ്രൈറ്റൺ, ടോട്ടനം, ആസ്റ്റൺ വില്ല, മാൻയു, ലെസ്റ്റർ, നോർവിച്ച് സിറ്റി എന്നീ ക്ലബ്ബുകളിലാണ് കൂടുതൽ പോസറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്മസ് അവധി സമയത്ത് കൂടുതൽ മത്സരങ്ങൾ ഉള്ള സമയത്താണ് കോവിഡ് പടരുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

മെഡിക്കൽ വിദ​ഗ്ദരുടെ ഉപ​ദേശങ്ങൾ അനുസരിച്ച് സുരക്ഷ നടപടികൾ ക്ലബ്ബുകൾ ശക്തമാക്കിയിട്ടുണ്ട്.