കള്ളാടി മണ്ണിടിച്ചിൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുന്നു
 

കള്ളാടി തുരങ്കപാതക്ക് സമീപം മണ്ണിടിച്ചിലിൽ മരിച്ചവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെടുത്തു. രണ്ട് പേരേയും മീനാക്ഷി പുഴയിൽനിന്നാണ് ലഭിച്ചതെന്ന് മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു. പുഴയിൽ പതിച്ച തുരങ്ക നിർമാണ കമ്പനിയുടെ വലിയ ഉപകരണങ്ങളുടെ താഴെയായിട്ടാണ് ഒരു മൃതദേഹം ഉണ്ടായിരുന്നത്. ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത് തിരച്ചിൽ എളുപ്പമാക്കിയതായും ബാക്കി മൂന്നുപേരെയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് ലഭിച്ചത്.

‘കൂടുതൽ പരിശോധന നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുഴ മുഴുവൻ പരിശോധിക്കാൻ ഇരുപതംഗ എൻഡിആർഎഫ് സംഘം പോയിട്ടുണ്ട്. ഈ പരിസരത്ത് പ്രത്യേക പരിശോധന നടത്താനുള്ള മാർഗനിർദ്ദേശം കൊടുത്തിട്ടുണ്ട്. മരിച്ചവരു​ടെ കുടുംബം ഇവിടെയുണ്ട്. മുഖ്യമന്ത്രി അവരെ കണ്ട് ആശ്വസിപ്പിച്ചു. അവർ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി ആശുപത്രിയിൽ നടക്കും. ശേഷം എംബാം ചെയ്യാനുള്ള നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. അവിടെ നിന്ന് എയർ ലിഫ്റ്റ് ചെയ്ത് അവരുടെ സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിക്കും’ -മന്ത്രി പറഞ്ഞു.