യുവന്റസ് തോറ്റു, ബയേണിനും റയലിനും ജയം; ലിവർപൂളും ചെൽസിയും സമനിലയിൽ പിരിഞ്ഞു

 

റൊണാൾഡോ പോയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ യുവന്റസ് പരാജയപ്പെട്ടു. ജർമ്മൻ ലീഗിൽ ബയേണിന് വൻ വിജയം. ലിവർപൂളും ചെൽസിയും തമ്മിൽ ഉള്ള കളി സമനിലയിൽ പിരിഞ്ഞപ്പോൾ സ്പെയിനിൽ റയൽ വിജയം കണ്ടു. 

ഇംഗ്ലീഷ് പ്രീമിയർ ലീഗ്

രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള ഹെവി വെയ്റ്റ് മത്സരമായിരുന്നു ആൻഫീൽഡിൽ. അവിടെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം മുഹമ്മദ് സല നേടിയ പെനാൽറ്റി ഗോളിൽ ആണ് ചെൽസിയുമായി ലിവർപൂൾ സമനില പിടിച്ചത്. മത്സരത്തിന്റെ 22 മിനിറ്റിൽ ജയിംസിന്റെ  അസിസ്റ്റിൽ കായ് ഹവേഡ്‌സ് ചെൽസിക്ക് വേണ്ടി ഗോൾ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുന്നേ ഗോൾ പോസ്റ്റിനു മുന്നിൽ വച്ചു ഹാൻഡ്ബോൾ ആയതിനു ലിവർപൂളിന് പെനാൽറ്റി കിട്ടി. വിഎആർ നോക്കി റഫറി ഡിഫൻഡർ ജെയിംസിന്  ചുവപ്പ് കാർഡും നൽകി.  മികച്ച മുന്നേറ്റങ്ങൾ ഉണ്ടായ കളിയിൽ പക്ഷെ പിന്നെ ഗോൾ പിറന്നില്ല.

 എവർട്ടൻ എതിരില്ലാത്ത 2 ഗോളിന് ബ്രൈറ്റണെ തോൽപ്പിച്ചു. ഡെമറായ് ഗ്രേ, ഡൊമനിക് കാൽവർട്ട് ലെവിൻ എന്നിവർ ഗോൾ നേടി. ലെസെസ്റ്റർ സിറ്റി ഒന്നിനെതിരെ 2 ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ തോൽപ്പിച്ചു. ജെയ്മി വാഡി, മാർക്ക് അലബ്രിങ്ടൺ എന്നിവർ ലെസെസ്റ്റർ സിറ്റിയുടെ ഗോൾ നേടിയപ്പോൾ തീമു പൂക്കി പെനാൽറ്റിയിലൂടെ ഒരു ഗോൾ മടക്കി.

ആസ്റ്റൺ വില്ല, ബീസ് മത്സരം ഓരോ ഗോൾ സമനിലയിലും, ന്യൂകാസിൽ യുനൈറ്റഡ് -സൗത്ത്ഹാംപ്ടൻ , വെസ്റ്റ്ഹാം- ക്രിസ്റ്റൽ പാലസ് മത്സരങ്ങൾ രണ്ടു ഗോൾ സമനിലയിലും അവസാനിച്ചു. 

ബുണ്ടേസ് ലീഗ്

ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത അഞ്ചു ഗോളിന് ഹെർത്തയെ പരാജയപ്പെടുത്തി. റോബർട്ട് ലെവന്റോവ്സ്ക്കി നേടിയ ഹാട്രിക്ക് ആയിരുന്നു മത്സരത്തിന്റെ സവിശേഷത. ലെവർകൂസൻ, കൊളോൺ, ഡോർട്ട്മുണ്ട് തുടങ്ങിയവരും വിജയിച്ചു. 

സിരി എ

ഇറ്റലിയിൽ യുവന്റസിന് അപ്രതീക്ഷിത തോൽവി. റൊണാൾഡോ പോയ ശേഷമുള്ള ആദ്യ കളിയിൽ എംപോളിയാണ് എതിരില്ലാത്ത ഒരു ഗോളിന് യുവയെ തോൽപ്പിച്ചത്. ലിയാനാഡോ മൻകൂസോ നേടിയ ഗോൾ ആണ്  യുവന്റസിനെ വീഴ്ത്തിയത്. 

വെറൊണായെ 3-1 ന് ഇന്റർ തോൽപ്പിച്ചു. ലാസിയോ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്പെസിയയെ തകർത്തു. 

ലാ ലീഗ

റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയൽ ബെറ്റിസിനെ തോൽപ്പിച്ചു. ഡാനിയേൽ കർവഹാൽ ആണ് ഗോൾ നേടിയത്. റയൽ സോസിദാദ്, അത്‌ലറ്റിക് ബിൽബാവോ, വലൻസിയ എന്നിവർ വിജയിച്ചപ്പോൾ  സെവിയ്യ സമനിലയിൽ കുടുങ്ങി.