ലിവർപൂൾ- സിറ്റി സമനിലയിൽ; റയലിനും ബയേണിനും അപ്രതീക്ഷിത തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തൻമാരുടെ മത്സരത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പരിഞ്ഞു. രണ്ടു തവണ പിന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി സമനില നേടിയത്. സാദിയോ മാനേ, മുഹമ്മദ് സല എന്നിവർ ലിവർപൂളിനായി ഗോളടിച്ചപ്പോൾ ഫിൽ ഫോഡൻ, കെവിൻ ഡി ബ്രൂണേ എന്നിവർ സിറ്റിയുടെ ഗോൾ നേടി. ഇതോടെ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ലിവർപൂളിന് 15 പോയിന്റും സിറ്റിക്ക് 14 പോയിന്റും ആയി. 16 പോയിന്റുള്ള ചെൽസിയാണ് ഒന്നാമത്.
ക്രിസ്റ്റൽ പാലസ്- ലസ്റ്റർ സിറ്റി മത്സരം സമനിലയിലായി. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. ടോട്ടൻഹാം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. വെസ്റ്റാം യുണൈറ്റഡ് ബീസിനോട് തോറ്റു.
ലാലീഗയിൽ എസ്പാന്യോളാണ് റയലിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എസ്പാന്യോളിന്റെ വിജയം. ഇതോടെ പട്ടികയിൽ മുന്നിലുള്ള റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, റയൽ സോസിദാദ് എന്നിവർക്ക് പതിനേഴ് പോയിന്റ് വീതമായി.
പരാജയമറിയാതെ മുന്നേറുകയായിരുന്ന ബയേൺ മ്യൂണിക്കിനെ ഇൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് ജയിച്ചത്. 29ആം മിനിറ്റിൽ ബയേൺ മ്യൂണിക്ക് ലീഡ് നേടിയെങ്കിലും 32, 83 മിനിറ്റുകളിൽ ഗോളടിച്ച് ഫ്രാങ്ക്ഫർട്ട് ഗോളടിച്ചു. ഇറ്റാലിയൻ ലീഗിൽ നാപ്പോളി, റോമ ടീമുകൾ വിജയിച്ചു. അറ്റ്ലാന്റക്കെതിരായ മത്സരം എ.സി മിലാനും ജയിച്ചു.