ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടിച്ചെന്ന് വിരാട് കോഹ്‌ലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ തീരുമാനം ടീം അംഗങ്ങളെ ഞെട്ടിച്ചുവെന്ന് ക്യാപ്റ്റൻ വിരാട് കൊഹ്ലി. ധോണിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും പെട്ടന്നുള്ള തീരുമാനം ടീം അംഗങ്ങളെ കുഴക്കിയതായും കോഹ്ലി പറഞ്ഞു.
 

സിഡ്‌നി: മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ തീരുമാനം ടീം അംഗങ്ങളെ ഞെട്ടിച്ചുവെന്ന് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ധോണിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും പെട്ടന്നുള്ള തീരുമാനം ടീം അംഗങ്ങളെ കുഴക്കിയതായും കോഹ്‌ലി പറഞ്ഞു.

ചെറിയ സൂചന പോലും നൽകാതെയായിരുന്നു ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ധോണിയിൽ നിന്നു ഒരുപാട് കാര്യങ്ങൾ പഠിച്ചിക്കുവാൻ സാധിച്ചുവെന്നും നിർണായക ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള ധോണിയുടെ കഴിവും മൈതാനത്തെ തന്ത്രങ്ങളും മാതൃകയാക്കേണ്ടവയാണെന്നും കോഹ്‌ലി പറഞ്ഞു.

ധോണിയെ പോലെ മൈതാനത്ത് ശാന്തനായി പെരുമാറാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഓരോരുത്തർക്കും വ്യത്യസ്ത ശൈലികളാണുണ്ടാവുകയെന്നും കൊഹ്‌ലി പറഞ്ഞു. സിഡ്‌നിയിൽ അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ടീമിന് കരുത്തുപകരാൻ ധോണി ഗാലറിയിലുണ്ടാകുമെന്നും കൊഹ്‌ലി കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മെൽബണിൽ നടന്ന ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.