ആദ്യ നറുക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, രണ്ടാം നറുക്കിൽ റയൽ മാഡ്രിഡ്; പിഎസ്ജിക്ക് ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ കടുപ്പമേറും

 

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ ലൈനപ്പ് രണ്ടാമതും നറുക്കെടുത്തപ്പോൾ പിഎസ്ജിക്ക് കിട്ടിയത് റയൽ മാഡ്രിഡിനെ. റൊണാൾഡോ- മെസി മത്സരം പ്രതീക്ഷിച്ച ആരാധകർക്ക് രണ്ടാം നറുക്കിൽ കാണാനായത് റയലുമായുള്ള മത്സരമാണ്. ആദ്യ എതിരാളിയേക്കാൾ കടുപ്പമേറിയ എതിരാളിയേയാണ് രണ്ടാം തവണ അവർക്കു കിട്ടിയതെന്ന് സാരം. മാഞ്ചസ്റ്റർ യുണൈറ്റഡിനാകട്ടെ എതിരാളികളായി കിട്ടിയത് അത്‍ലറ്റിക്കോ മാഡ്രിഡിനെയാണ്. ലിവർപൂളിന്റെ എതിരാളികൾ ഇന്റർമിലാനാണ്. സാങ്കേതിക പിഴവ് മൂലമാണ് രണ്ടാമതും ഡ്രോ നടന്നത്. ചെൽസിക്ക് രണ്ടു തവണയും എതിരാളികളായി കിട്ടിയത് ഫ്രഞ്ച് ചാമ്പ്യൻമാരായ ലീലിനെയാണ്. മത്സരങ്ങൾ ഇപ്രകാരമാണ്.

റെ‍‍ഡ്ബുൾ സലാസ്ബർ​ഗ്- ബയേൺ മ്യൂണിക്ക്
സ്പോട്ടിം​ഗ് സിപി- മാഞ്ചസ്റ്റർ സിറ്റി
ബെനിഫിക്ക- അയാക്സ്
ചെൽസി- ലീൽ
അത്‍ലറ്റിക്കോ മാഡ്രിഡ്- മാഞ്ചസ്റ്റർ യുണൈറ്റഡ്
വിയ്യാറയൽ- യുവന്റസ്
ഇന്റർമിലാൻ- ലിവർപൂൾ
പിഎസ്ജി- റയൽമാഡ്രിഡ്

​ഗ്രൂപ്പ് ചാമ്പ്യൻമാരായ ടീമുകൾക്ക് രണ്ടാം മത്സരം സ്വന്തം മൈതാനത്തായിരിക്കും. എവേ ​ഗോൾ നിയമം എടുത്തു കളഞ്ഞതാണ് ഈ ചാമ്പ്യൻഷിപ്പിലെ മറ്റൊരു പ്രത്യേകത. രണ്ടാം പാദത്തിലും ഇരു ടീമുകളും ഒരേ സ്കോറിലെത്തിയാൽ എക്സ്ട്രാ ടൈമും അതിലും തീരുമാനമായില്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടും നടക്കും.  ഫെബ്രുവരി 15,16,22,23 തിയ്യതികളിൽ ആദ്യ പാദമത്സരവും മാർച്ച് 8.9,15,16 തിയ്യതികളിൽ രണ്ടാം പാദ മത്സരവും നടക്കും.