ഷമിയ്ക്ക് പരിക്ക്; യു.എ.ഇയ്‌ക്കെതിരെ കളിക്കില്ല

ലോകകപ്പിൽ ഇന്ത്യയക്ക് തിരിച്ചടിയായി പേസ് ബോളർ മുഹമ്മദ് ഷമിക്ക് പരിക്ക്. പരിശീലനത്തിനിടെ കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.
 

പെർത്ത്: ലോകകപ്പിൽ ഇന്ത്യയക്ക് തിരിച്ചടിയായി പേസ് ബോളർ മുഹമ്മദ് ഷമിക്ക് പരിക്ക്. പരിശീലനത്തിനിടെ കൈമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കിനെ തുടർന്ന് നാളെ യു.എ.ഇയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിൽ ഷമി പങ്കെടുക്കില്ലെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം, ഷമിയുടെ പരിക്ക് ഗുരുതരമല്ലെന്നും തുടർന്നുള്ള മത്സരങ്ങൾക്കായി ഷമിക്ക് വിശ്രമം അനുവദിക്കുകയാണെന്നും ടീം മീഡിയ മാനേജർ ആർ.എൻ ബാബ പറഞ്ഞു.

പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. ബൗളർമാരിൽ കൂടുതൽ തിളങ്ങിയത് ഷമിയാണ്. ലോകകപ്പിൽ 17 ഓവറിൽ 65 റണ്ണാണ് ഷമി ആകെ വഴങ്ങിയിരിക്കുന്നത്. ആറു വിക്കറ്റുകളും വീഴ്ത്തി. പാക്കിസ്ഥാനെതിരെ 35 റൺ വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 30 റൺ വഴങ്ങി രണ്ട് വിക്കറ്റുകളാണ് സ്വന്തം പേരിലാക്കിയത്.

കഴിഞ്ഞ ഒരു വർഷമായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തതും ഷമിയാണ്. 22 മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റുകളാണ് ഷമി നേടിയത്. 2014 ജനുവരി മുതൽ അഞ്ചു തവണ നാല് വിക്കറ്റിലേറെ വീഴ്ത്തിയ ഒരേയൊരു ബൗളറും ഷമിയാണ്.