ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ച് മോഹൻ ബഗാൻ
ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റശേഷം ആദ്യമായി നടക്കുന്ന ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ച് മോഹൻ ബഗാൻ മാനേജ്മെന്റ്. വെള്ളിയാഴ്ച ബംഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മലയാളി മധ്യനിര താരം സഹൽ അബ്ദുൽ സമദ് അടക്കം ഏഴു പ്രധാന താരങ്ങളാണ് ബഗാനിൽനിന്ന് എത്തിച്ചേരാനുള്ളത്.
ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ നടക്കുന്നതിനാൽ ബഗാൻ താരങ്ങൾ വൈകി ക്യാമ്പിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെതിരെ തോൽവി വഴങ്ങിയ ബഗാൻ ഡ്യൂറൻഡ് കപ്പിൽനിന്ന് പുറത്തായി. പിന്നാലെയാണ് തങ്ങളുടെ ടീമംഗങ്ങളെ ദേശീയ ക്യാമ്പിനയക്കാൻ താൽപര്യമില്ലെന്ന ബഗാൻ മാനേജ്മെന്റിന്റെ പ്രതികരണം വരുന്നത്. ബഗാൻ താരങ്ങളെ കൂടാതെ മറ്റു ആറു താരങ്ങൾകൂടി ക്യാമ്പിൽ ചേരാനുണ്ട്.
ദേശീയ ടീമിൽനിന്ന് വിരമിച്ചിട്ടും മുൻ കോച്ച് മനോലോ മാർക്വേസ് ടീമിലേക്ക് തിരിച്ചെത്തിച്ച സുനിൽ ഛേത്രിയെ ഒഴിവാക്കിയാണ് പുതിയ കോച്ച് ഖാലിദ് ജമീൽ ഈമാസം 29ന് ആരംഭിക്കാനിരിക്കുന്ന കാഫ നാഷൻസ് കപ്പ് ഫുട്ബാളിനുള്ള ദേശീയ ക്യാമ്പിന്റെ 35 അംഗ സാധ്യത പട്ടിക ഒരുക്കിയത്. ഛേത്രിയെ ഒഴിവാക്കിയത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ജമീൽതന്നെ കഴിഞ്ഞ ദിവസം പ്രതികരണം നൽകിയിരുന്നു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള മുന്നൊരുക്ക മത്സരം മാത്രമായാണ് കാഫ നാഷൻസ് കപ്പിനെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഛേത്രിക്ക് പകരം മറ്റുതാരങ്ങളെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഛേത്രിക്കായി എപ്പോഴും ടീമിന്റെ വാതിൽ തുറന്നിട്ടതായും ജമീൽ പറഞ്ഞു.
ദേശീയ ടീമിലായിരിക്കെ താരങ്ങൾക്കേൽക്കുന്ന പരിക്കിനെ എ.ഐ.എഫ്.എഫ് വകവെക്കുന്നില്ലെന്നാണ് ബഗാന്റെ പരാതി. കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ പരിക്കേറ്റ ബഗാന്റെ ക്യാപ്റ്റൻ കൂടിയായ സുഭാഷിഷ് ബോസ് ഇപ്പോഴും ചികിത്സയിലാണ്. എല്ലാ സമയവും തങ്ങളുടെ താരങ്ങളെ ദേശീയ ടീമിലേക്കെടുക്കുകയും മൂന്നോ നാലോ താരങ്ങളെ പരിക്കുമായി തിരിച്ചുനൽകുകയും ചെയ്യുന്നുവെന്ന് ബഗാൻ മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നു.