മുബൈ ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യ 4ന് 221; മായങ്ക് അ​ഗർവാളിന് സെഞ്ച്വറി

 

ഓപ്പണർ മായങ്ക് അ​ഗർവാളിന്റെ സെഞ്ച്വറിയുടെ മികവിൽ മുംബൈ ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. 70 ഓവർ കളി നടന്ന ആദ്യ ദിനം 120 റൺസുമായി നിൽക്കുന്ന മായങ്കിന് കൂട്ടായി 25 റൺസുമായി വൃദ്ധിമാൻ സാഹയാണ് ക്രീസിൽ. ന്യൂസിലൻഡിന് വേണ്ടി അജാസ് പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. 

മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ നായകൻ വിരാട് കോഹ്‍ലി ബാറ്റിം​ഗ് തെരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. അജിങ്ക്യ രഹാനെ, ജഡേജ, ഇശാന്ത് ശർമ്മ എന്നിവർക്ക് പകരം വിരാട് കോഹ്‍ലി, ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ കളിക്കാനിറങ്ങി. പരിക്കേറ്റ നായകൻ കെയിൻ വില്യംസണ് പകരം ടോം ലാതമാണ് ന്യൂസിലൻഡിനെ നയിച്ചത്. ഡാരിൽ മിച്ചൽ പകരം ടീമിലെത്തി.

ഓപ്പണർമാരായ ശുഭ്മാൻ ​ഗില്ലും മായങ്കും ഇന്ത്യക്ക് വേണ്ടി നന്നായി തുടങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 80 റൺസ് കൂട്ടിച്ചേർത്തു. 44 റൺസെടുത്ത ശുഭ്മാനെ പട്ടേൽ റോസ് ടെയ്ലറുടെ കൈകളിലെത്തിച്ചു. പിന്നാലെ രണ്ട് വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. റണ്ണൊന്നുമെ‌ടുക്കാതെ പൂജാരയും നായകൻ കോഹ്‍ലിയും അജാസിനു മുന്നിൽ വീണു. കഴിഞ്ഞ കളിയിലെ താരം ശ്രേയസ് അയ്യർ 18 റൺസിനും പുറത്തായി. എന്നാൽ സാഹയെ കൂട്ടുപിടിച്ച് മായങ്ക് സെഞ്ച്വറിയിലേക്ക് എത്തി.