ഉദ്ഘാടന ചടങ്ങ് പാളി; നാഷണൽ ഗെയിംസ് കാഴ്ച്ചക്കാർക്ക് നിരാശ

കോടികൾ ചിലവാക്കി സംഘടിപ്പിച്ച നാഷണൽ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത് നിരാശ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ചടങ്ങിൽ സംസാരിക്കാതിരുന്നതും മോഹൻലാലിന്റെ ലാലിസം പരിപാടി നിലവാരം പുലർത്താതിരുന്നതും ചടങ്ങിനെത്തിയവരെ നിരാശരാക്കി.
 
തിരുവനന്തപുരം:

സച്ചിനെ കാണാനായിരുന്നു ഭൂരിഭാഗമാളുകളും ചടങ്ങിനെത്തിയത്. വേദിയിൽ സച്ചിനിരുന്ന സ്ഥലത്ത് വെളിച്ചം ഉണ്ടാകാതിരുന്നതും ചടങ്ങിന്റെ പൊലിമ കുറച്ചു. തുടക്കത്തിൽ മൈതാനം നിറഞ്ഞിരുന്ന കാണികൾ ചടങ്ങ് പുരോഗമിക്കുന്നതിനിടെ തന്നെ വേദി വിട്ട് തുടങ്ങി. കേരളത്തിന്റെ തനത് കലാപരിപാടികളുണ്ടായിരുന്നെങ്കിലും മട്ടന്നൂർ ശങ്കരൻകുട്ടിയുടെ പഞ്ചവാദ്യം മാത്രമാണ് നിലവാരം പുലർത്തിയത്.

മോഹൻലാൽ ആരാധകർ കാത്തിരുന്ന ലാലിസം കാണാൻ മൈതാനത്ത് ചുരുക്കം കാണികൾ മാത്രമാണ് ഉണ്ടായിരുന്നത്. വൈകി ആരംഭിച്ചത് കൊണ്ടും നിലവാരം പുലർത്താതിരുന്നതും അവരെ നിരാശരാക്കി.

ഗെയിംസിൽ പങ്കെടുക്കാനെത്തിയ താരങ്ങൾക്കും വളണ്ടിയർമാർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംഘാടകർ വീഴ്ച്ച വരുത്തിയെന്നും ആരോപണമുണ്ട്. മാത്രമല്ല, മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ വാഹനം ലഭിക്കാതെ വലഞ്ഞാണ് സ്‌റ്റേഡിയത്തിൽ എത്തിയത്. സമയത്തിന് അക്രഡിറ്റേഷൻ നൽകാതെ മാധ്യമപ്രവർത്തകരെയും സംഘാടകർ വലച്ചു. ചടങ്ങിനു തൊട്ടുമുമ്പാണ് അക്രഡിറ്റേഷൻ നൽകിയത്.