ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ നീരജ് ചോപ്രക്ക് സ്വര്‍ണം 

 

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം. 88. 17 മീറ്റർ മറികടന്നാണ് ലോകമീറ്റിലെ കന്നി സ്വർണം നീരജ് ചോപ്ര സ്വന്തമാക്കിയിരിക്കുന്നത്. 1983 മുതൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ അത്‌ലറ്റ് സ്വർണം നേടുന്നത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. കഴിഞ്ഞ സീസണിൽ നീരജ് വെള്ളി നേടിയിരുന്നു. വനിതാ ലോങ് ജംപർ അഞ്ജു ബോബി ജോർജ് 20 വർഷം മുമ്പ് 2003ൽ പാരീസിൽ വെങ്കലം നേടിയിരുന്നു. 

നീരജിന്റെ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ‘പ്രതിഭാധനനായ നീരജ് ചോപ്ര തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ സമർപ്പണവും കൃത്യതയും അഭിനിവേശവും അദ്ദേഹത്തെ അത്‌ലറ്റിക്‌സിൽ ഒരു ചാമ്പ്യൻ മാത്രമല്ല, മുഴുവൻ കായിക ലോകത്തെയും മികവിന്റെ പ്രതീകമാക്കുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതിന് അഭിനന്ദനങ്ങൾ’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് ജാവലിൻ ത്രോയിൽ വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്‌ലെ വെങ്കലം നേടി.