കാൺപൂർ ടെസ്റ്റിൽ ന്യൂസിലൻഡിന് മികച്ച തുടക്കം; രണ്ടാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 129

ഇന്ത്യ ഒന്നാം ഇന്നിംഗ്സില് 345ന് പുറത്ത്. ശ്രേയസ് അയ്യർക്ക് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി(105); ടിം സൗത്തിക്ക് അഞ്ച് വിക്കറ്റ്.
 

കാൺപൂർ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലാൻഡിന് ഒന്നാം ഇന്നിം​ഗ്സിൽ നല്ല തുടക്കം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 129 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 75 റൺസുമായി വിൽ യങ്ങ്, 50 റൺസുമായി ടോം ലാതം എന്നിവരാണ് ക്രീസിൽ, നേരത്തെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ മികവിൽ ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ 345 റൺസ്  നേടിയിരുന്നു. 

രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം അധികം നേരം ഇന്ത്യൻ ഇന്നിം​ഗ്സ് തുടർന്നില്ല. ടിം സൗത്തിയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് രണ്ടാം ദിനം ഇന്ത്യയെ തകർത്തത്. ജാമിസൺ മൂന്നു വിക്കറ്റും അജാസ് പട്ടേൽ രണ്ടു വിക്കറ്റും വീഴിത്തിയിരുന്നു. പിന്നീട് കീവിസിന് വേണ്ടി ഇന്നിം​ഗ്സ് ഓപ്പൺ ചെയ്ത വിൽ യങ്ങും ലാതമും ശ്രദ്ധയോടെ കളിച്ചു. ഇന്ത്യൻ ബൗള‍ർമാർക്കു മുന്നിൽ 57 ഓവർ വിക്കറ്റ് നഷ്ടപ്പെടുത്താതെ അവർ പിടിച്ചു നിന്നു. മൂന്നാം ദിവസം ഇന്ത്യൻ സ്പിന്നർമാരെ ഇവർ എങ്ങിനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും ന്യൂസിലാൻഡിന്റെ സാധ്യതകൾ. 

സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെയും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ ജഡേ, ശുഭ്മാൻ ​ഗിൽ എന്നിവരുടേയും പ്രകടനത്തിന്റെ മികവിലാണ് കാൺപൂർ ടെസ്റ്റിൽ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ആദ്യ ഇന്നിം​ഗ്സിൽ 345 റൺസ് നേടിയത്.  ആദ്യ ദിവസത്തെ സ്കോറായ 4ന് 258 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ ജഡേജയെ നഷ്ടമായി. തലേ ദിവസത്തെ സ്കോറായ 50ന് തന്നെ ജഡേജ പുറത്തായി. ടിം സൗത്തിയാണ് ജ‍ഡേജയെ ബൗൾഡാക്കി മടക്കിയത്. ഒരു റൺസെടുത്ത സാഹയേയും സൗത്തി പുറത്താക്കി. അതിനു മുന്നേ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറി ശ്രേയസ് പൂർത്തിയാക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ അയ്യരും മടങ്ങി. 105 റൺസെടുത്ത ശ്രേയസിന്റെ വിക്കറ്റും സൗത്തിക്കാണ്. മൂന്ന് റൺസെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കി സൗത്തി അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. 

ലഞ്ചിനു പിരിയുമ്പോൾ 8 വിക്കറ്റിന് 339 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാൽ ഒമ്പതാം വിക്കറ്റും ഉടനെ തന്നെ നഷ്ടമായി. 38 റൺസെടുത്ത അശ്വിനെ സ്പിന്നർ അജാസ് പട്ടേൽ പുറത്താക്കി. പിന്നാലെ ഇഷാശ് ശർമ്മയേയും പുറത്താക്കി അജാസ് പട്ടേൽ ഇന്ത്യൻ ഇന്നിം​ഗ്സ് അവസാനിപ്പിച്ചു. 

ആദ്യ ദിവസം ഇന്ത്യൻ മുന്നേറ്റ നിരയെ കെയിൽ ജാമിസൺ ആണ് പിടിച്ചു കെട്ടിയത്. ഓപ്പണർ മായങ്ക് അ​ഗർവാൾ(13), ശുഭ്മാൻ ​ഗിൽ(52), നായകൻ രഹാനെ(35) എന്നിവരെ ജാമിസൺ പുറത്താക്കി. 26 റൺസെടുത്ത പൂജാരയെ സൗത്തി വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തിച്ചു.