ലോക റെക്കോർഡിലേക്ക് ചാടി റോഹാസ്. ട്രിപ്പിൾ ജമ്പിൽ തകർന്നത് 26 വർഷത്തെ റെക്കോർഡ്

വെനസ്വേല താരം യൂലിമർ റോഹാസ് ഈ ഒളിമ്പിക്സിലെ അത്ലറ്റിക്സിലെ ആദ്യ ലോക റെക്കോർഡ് സ്വന്തമാക്കി. ട്രിപ്പിൾ ജമ്പിൽ 1995ലെ ലോക റെക്കോർഡ് ആണ് ഈ ഇരുപത്തിയഞ്ചുകാരി മാറ്റിയെഴുതി സ്വർണ്ണം നേടിയത്.
 

ടോക്കിയോ: വെനസ്വേല താരം യൂലിമർ റോഹാസ് ഈ ഒളിമ്പിക്സിലെ  അത്‌ലറ്റിക്സിലെ ആദ്യ ലോക റെക്കോർഡ് സ്വന്തമാക്കി. ട്രിപ്പിൾ ജമ്പിൽ 1995ലെ ലോക റെക്കോർഡ് ആണ് ഈ ഇരുപത്തിയഞ്ചുകാരി മാറ്റിയെഴുതി സ്വർണ്ണം നേടിയത്.

യുക്രെയ്ൻ താരം ഇനേസ ക്രാവെറ്റ്സ് ട്രിപ്പിൾ ജമ്പിൽ സ്ഥാപിച്ച ലോക റെക്കോഡാണ് യൂലിമർ ടോക്യോയിൽ മറികടന്നത്. ദൂരം 15.67 മീറ്റർ. 1995-ലെ ഒളിമ്പിക്സിൽ 15.50 മീറ്ററിന്റെ ചാടിയാണ് യുക്രെയ്ൻ താരം റെക്കോർഡ് ഇട്ടത്.

2016 റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായ റോഹാസ് സ്വർണം ഉറപ്പിച്ച ശേഷം നടത്തിയ ശ്രമത്തിൽ ആണ് ലോക റെക്കോഡ് നേടിയത്. 2017, 2019 ലോകചാമ്പ്യൻഷിപ്പുകളിലെ സ്വർണവും വെനസ്വേലൻ താരം നേടിയിട്ടുണ്ട്.

‘എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ഈ നിമിഷത്തെ വിവരിക്കാൻ കഴിയുന്നില്ല. ലോക റെക്കോഡോടു കൂടി ഒളിമ്പിക് സ്വർണം. ഇത് മനോഹരമായ രാത്രിയാണ്.’മത്സരശേഷം 25-കാരിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.

പോർച്ചുഗലിന്റെ പാട്രിഷിയ മമോനയ്ക്കാണ് വെള്ളി. (15.01 മീറ്റർ). സ്പാനിഷ് താരം അന പലറ്റെയ്റോ (14.87 മീറ്റർ) വെങ്കലം സ്വന്തമാക്കി.