ഇറാനിലെ ആക്രമണത്തെ പിന്തുണയ്ക്കുന്നത് നാലിലൊന്ന് അമേരിക്കക്കാർ മാത്രം; റോയിട്ടേഴ്‌സ് സർവേ

55% റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണക്കുന്നു
 

ഇറാനിൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങളോട് താത്പര്യമില്ലെന്ന് യുഎസ് ജനത. റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരും ട്രംപിന്റെ നീക്കത്തെ വിമർശിക്കുന്നവരുമാണ്. 27% ആളുകൾ ട്രംപിനെ പിന്തുണച്ചപ്പോൾ ശേഷിക്കുന്ന 29% ആളുകൾ അഭിപ്രായം വ്യക്തമാക്കിയില്ല.

ഇറാൻ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയത് നാലിലൊന്ന് അമേരിക്കക്കാർ മാത്രമാണ് അംഗീകരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിർക്കുന്നവരുണ്ട്. 55% റിപ്പബ്ലിക്കൻ പാർട്ടിക്കാർ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13% പേർ പിന്തുണയ്ക്കുന്നില്ലെന്നും 32% പേർ അഭിപ്രായമില്ലെന്നും സർവേയിൽ പറയുന്നു. യുഎസ് സൈനികർ കൊല്ലപ്പെടുകയോ സൈനികർക്ക് പരിക്കേൽക്കുകയോ ചെയ്താൽ ഏകദേശം 42% റിപ്പബ്ലിക്ക് പാർട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും റിപ്പോർട്ടിലുണ്ട്.

അമേരിക്കയിൽ ഗ്യാസ്, എണ്ണ വിലകൾ വർദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സർവേയിൽ പറയുന്നു. 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കൻ പാർട്ടിക്കാരും 44% സ്വതന്ത്ര്യരും എണ്ണവില കൂടിയാൽ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളിൽ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിർക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേർ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ അമേരിക്കിയൽ ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ന്യൂയോർക്ക്, ലോസ് ആഞ്ചലീസ്, വാഷ്ങ്ടൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാരെത്തി.