2024 ഒളിമ്പിക്‌സിന് വേദിയാകാൻ ഇന്ത്യ

ഒളിമ്പിക്സ് മത്സരങ്ങൾക്ക് വേദിയാകാൻ ഇന്ത്യ ശ്രമം ആരംഭിച്ചു. ഇത് യാഥാർത്ഥ്യമായാൽ 2024 ലെ ഒളിമ്പിക്സ് മോഡിയുടെ നാട്ടിൽ നടക്കുമെന്നാണ് കായിക മന്ത്രാലയത്തിലെ മുതിർന്ന വൃത്തങ്ങൾ നൽകുന്ന സൂചന.
 

 

ന്യൂഡൽഹി: ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകാൻ ഇന്ത്യ ശ്രമം ആരംഭിച്ചു. ഇത് യാഥാർത്ഥ്യമായാൽ 2024 ലെ ഒളിമ്പിക്‌സ് മോഡിയുടെ നാട്ടിൽ നടക്കുമെന്നാണ് കായിക മന്ത്രാലയത്തിലെ മുതിർന്ന വൃത്തങ്ങൾ നൽകുന്ന സൂചന. ഗുജറാത്തിലെ അഹമ്മദാബാദായിരിക്കും മുഖ്യവേദിയാവുകയെന്ന് ‘ദി ട്രൈബൂൺ’ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡൻറ് തോമസ് ബാഹിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കാനാണു നീക്കം.

സ്വിറ്റ്‌സർലൻഡിലെ ലൊസേൻ സന്ദർശനത്തിനിടെ കായിക വകുപ്പ് സെക്രട്ടറി അജിത് മോഹൻ ശരൺ ഐ.ഒ.സി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. 2016 ലെ ഒളിമ്പിക്‌സ് ബ്രസീലിലെ റിയോ ഡി ജനീറോയിലും 2020 ലെ ഒളിമ്പിക്‌സ് ജപ്പാന്റെ തലസ്ഥാനമായ ടോകിയോയിലുമാണ് നടക്കാനിരിക്കുന്നത്. 2024ലെ ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാൻ താൽപര്യമുള്ളവർക്ക് ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. യു.എസിലെ ബോസ്റ്റൺ, ഇറ്റലിയിലെ റോം, ജർമനിയിലെ ഹാംബർഗ്, എന്നീ നഗരങ്ങൾ ഒളിമ്പിക്‌സ് വേദിക്കു വേണ്ടി രംഗത്തുണ്ടെന്നാണറിയുന്നത്. 2017 ജൂലൈയിലാണ് വേദിയുടെ കാര്യത്തിൽ തീരുമാനമാകുക.

കെനിയ, മൊറോക്കോ, ദോഹ, മലേഷ്യ, തായ്‌ലന്റ്, ഫ്രാൻസ്, റഷ്യ, ഹങ്കറി, തുർക്കി എന്നിവരും ഒളിമ്പിക് വേദിക്കായുള്ള നീക്കത്തിൽ മത്സരിക്കാനുണ്ടാകുമെന്നാണ് സൂചന.