ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് റാഞ്ചിയിൽ തുടക്കമായി

60-ാമത് ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിന് റാഞ്ചിയിൽ തുടക്കമായി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമായത്. 95 ഇനങ്ങളിലാണ് മൊത്തം മത്സരങ്ങൾ. തുടർച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ബിർസമുണ്ട സ്റ്റേഡിയത്തിലെ ട്രാക്കിലിറങ്ങുന്നത്.
 


റാഞ്ചി:
60-ാമത് ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിന് റാഞ്ചിയിൽ തുടക്കമായി. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമായത്. 95 ഇനങ്ങളിലാണ് മൊത്തം മത്സരങ്ങൾ. തുടർച്ചയായ പതിനെട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ബിർസമുണ്ട സ്‌റ്റേഡിയത്തിലെ ട്രാക്കിലിറങ്ങുന്നത്. 81 ഇനങ്ങളിലായി 113 ചുണക്കുട്ടികളാണ് കേരളത്തിനായി മത്സരിക്കുന്നത്. ആധിപത്യം നിലനിർത്താൻ പോരാടുന്ന കേരളത്തിന് ഹരിയാനയും മഹാരാഷ്ട്രയുമാണ് എതിരാളികൾ. കഴിഞ്ഞവർഷം 38 സ്വർണവും 28 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 315 പോയന്റുമായാണ് കേരളം തുടർച്ചയായ 17-ാം കിരീടത്തിൽ മുത്തമിട്ടത്.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ബിബിൻ ജോർജും പി.എൻ. അജിതുമാണ് ആദ്യദിനം പോരിനിറങ്ങുന്ന ദീർഘദൂര ഓട്ടക്കാർ. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ആതിരയും അനുമോളും ഹൈജംപിൽ കെ.എ. റുബീനയും ബി.എം. സന്ധ്യയും ഇന്ന് കളത്തിലിറങ്ങും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും നവോദയ, കേന്ദ്രീയ വിദ്യാലയം, സി.ബി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നുമായി 3000 താരങ്ങളാണ് മീറ്റിൽ മാറ്റുരയ്ക്കുന്നത്. 165 താരങ്ങളെ അണിനിരത്തി എത്തിയ കർണാടകയാണ് ഏറ്റവും വലിയ സംഘം.