പനീർശെൽവം ഡിഎംകെയിൽ: പാർട്ടി ആസ്ഥാനത്ത് സ്വീകരിച്ച് സ്റ്റാലിൻ

ഡിഎംകെയിൽ ചേരുന്നതിന് മുന്നോടിയായി സ്റ്റാലിൻ സർക്കാരിന് അഭിനന്ദനം
 

എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ. പനീർശെൽവത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയിൽ അംഗമായത്.

ഡിഎംകെയിൽ ചേരുന്നതിന് മുന്നോടിയായി സ്റ്റാലിൻ സർക്കാരിനെ അഭിനന്ദിച്ച് സംസാരിച്ച ഒപിഎസ്, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നും പറഞ്ഞു. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ്സും ഡിഎംകെ നേതൃത്വവും തമ്മിൽ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായി. കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസ്സുമായി ചർച്ചനടത്തി. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഒപിഎസ് ഡിഎംകെയിൽ അംഗമായത്.