ഫിൽ ഹ്യൂസിന് വേദനയോടെ വിട

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയിൽ കൊണ്ടതിനെ തുടർന്ന് മരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂസിന്റെ സംസ്കാരം ഇന്ന് നടക്കും.
 

 

മെൽബൺ:  പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയിൽ കൊണ്ടതിനെ തുടർന്ന് മരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ് ഹ്യൂസിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. പ്രാദേശിക സമയം 2 മണിക്ക് ഹ്യൂസിന്റെ ജന്മദേശമായ മാക്‌സ്‌വില്ലെയിലെ റിക്രിയേഷൻ സെന്ററിലാണ് ചടങ്ങുകൾ നടന്നത്. സംസ്‌കാര ചടങ്ങുകൾ നേരിൽ കാണാൻ ആയിരകണക്കിന് ആളുകളാണ് എത്തിയത്.

ഓസ്‌ട്രേലിയ പ്രമുഖ സ്റ്റേഡിയങ്ങളിലും ടെലിവിഷൻ ചാനലുകളും ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തു. ലോക ക്രിക്കറ്റിലെ പ്രമുഖരും മറ്റും ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയിൽ നിന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുൻതാരം രവി ശാസ്ത്രിയും ഹ്യൂസിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. മാക്‌സ്‌വില്ലെയിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് വികാരഭരിതമായ ഒരു വിടവാങ്ങൽ പ്രസംഗമാണ് തന്റെ പ്രിയ സുഹൃത്തിനായി നൽകിയത്.

ഹ്യൂസിന്റെ അച്ഛൻ ഗ്രിഗറി ഹ്യൂസ്, അമ്മ വിർജീനിയ, സഹോദരി മെഗാൻ ഹ്യൂസ്, സഹോദരൻ ജെയ്‌സൺ ഹ്യൂസ് തുടങ്ങി കുടുംബാംഗങ്ങളെല്ലാം ഫിലിപ്പിന് അന്ത്യോപചാരമർപ്പിച്ചു. മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും ചടങ്ങിനായി എത്തിച്ചേർന്നിരുന്നു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്, ബോളർ സീൻ അബോട്ട്, ഷെയ്ൻ വോൺ, ബ്രയാൻ ലാറ, ഡേവിഡ് വാർണർ, ഷെയിൻ വാട്‌സൺ, ആഡം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ,മൈക്കിൾ ഹസി, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഓസ്‌ട്രേലിയൻ പ്രാദേശിക ക്രിക്കറ്റായ ഷെഫീൽഡ് ഷീൽഡിൽ ന്യൂ സൗത്ത് വെൽസ് ബൗളർ സീൻ അബോട്ട് എറിഞ്ഞ പന്ത് ഹ്യൂസിന്റെ തലയിൽ കൊള്ളുകയായിരുന്നു. ഉടൻതന്നെ നിലത്തുവീണ ഹ്യൂഗ്‌സിനെ സ്‌ട്രെച്ചറിൽ എടുത്ത് ഹെലികോപ്ടറിൽ സെന്റ് വിൻസെന്റ്‌സ് ആശുപത്രിയിലേക്ക് മാറ്റി തലയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.