ഹ്യൂസിന് ആദരവ് അർപ്പിച്ച് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്
മെൽബൺ: ഫിലിപ് ഹ്യൂസ് ഇനി പതിമൂന്നാമൻ. അന്തരിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫിൽ ഹ്യൂസിനെ 13-ാംമനായി ഉൾപ്പെടുത്തി അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീമിന്റെ ആദരം. വികാര നിർഭരമായ രംഗങ്ങൾക്കാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം സാക്ഷ്യം വഹിച്ചത്. ഹ്യൂസിനോടുള്ള ആദരസൂചകമായി മത്സരത്തിന് മുൻപ് ഇരുടീമംഗങ്ങളും കാണികളും 63 സെക്കന്റ് എഴുന്നേറ്റ് നിന്ന് മൗനമായി ഹ്യൂസിന് സ്മരണാഞ്ജലികൾ അർപ്പിച്ചു. ഹ്യൂസിന്റെ ഓർമ്മകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയും പ്രദർശിപ്പിച്ചു.
ഹ്യൂസിന്റെ ടെസ്റ്റ് തൊപ്പിയുടെ നമ്പറായ 408 പതിച്ച ജഴ്‌സിയും കയ്യിൽ കറുത്ത ബാന്റും ധരിച്ചാണ് ഓസ്‌ട്രേലിയൻ ടീം കളത്തിലിറങ്ങിയത്. ഈ നമ്പർ കളി നടക്കുന്ന ഗ്രൗണ്ടിലും പതിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയൻ പ്രാദേശിക മത്സരത്തിനിടെ ബൗളർ സീൻ അബോട്ട് എറിഞ്ഞ പന്ത് ഹ്യൂസിന്റെ തലയിൽ കൊള്ളുകയായിരുന്നു. ദക്ഷിണ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഹ്യൂസ് 63 റൺസ് എടുത്ത് നിൽക്കുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് തലയിൽ കൊണ്ടയുടൻ ഹ്യൂഗ്‌സ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ഹ്യൂഗ്‌സിനെ ആശുപത്രിയിലേക്ക് മാറ്റി തലയിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിത്രങ്ങൾ കാണാം